ന്യൂഡൽഹി: രാഹുൽഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് നീണ്ടു പോകുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ചോദ്യം ചെയ്യലുണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. എഐസിസി ആസ്ഥാനത്ത് ചേർന്ന നേതൃയോഗത്തിലാണ് കോൺഗ്രസ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഞായറാഴ്ച മുഴുവൻ എംപിമാരും ഡൽഹിയിലെത്തണമെന്നാണ് നിർദ്ദേശം.
ഔദ്യോഗിക വസതികളിൽ പത്ത് പ്രവർത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണമെന്നും കോൺഗ്രസ് തീരുമാനിച്ചു. പൊതു പ്രതിഷേധത്തിൽ പങ്കെടുക്കാനനുവദിക്കാത്ത ഡൽഹി പോലീസ് നടപടി കൂടി കണക്കിലെടുത്താണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. ഡൽഹി പോലീസ് അതിക്രമത്തിൽ ജനപ്രതിനിധികളുടെ അവകാശവും, മനുഷ്യാവകാശവും ലംഘിക്കപ്പെട്ടുവന്ന പരാതിയുമായാണ് ലോക് സഭ രാജ്യസഭ എംപിമാർ സഭാധ്യക്ഷന്മാരെ കണ്ടത്. മോദിയും അമിത് ഷായും ചേർന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികളെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും നേതാക്കൾ ആരോപിക്കുന്നു.
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.

