അഗ്നിപഥ് പദ്ധതി: യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ബീഹാറിലും മധ്യപ്രദേശിലുമൊക്കെ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുത്. റാങ്കില്ല, പെന്‍ഷനില്ല. രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കുവിന്‍’-രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം, അഗ്‌നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റെത്. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ്‌ സൂചന. അഗ്‌നിപഥ് വിരുദ്ധര്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയതിന് ഇവര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ഇന്ത്യ ഇരു വശങ്ങളില്‍ നിന്നും ഭീഷണി നേരിടുമ്പോള്‍ അഗ്‌നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുല്‍ ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു. സേനയുടെ അച്ചടക്കവും ഊര്‍ജ്ജവും വിട്ടുവീഴ്ച ചെയ്യുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു