അഗ്‌നിപഥ് പദ്ധതി; സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ പരീക്ഷണശാലയായി മാറ്റുന്നതെന്തിനെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയെ ചോദ്യം ചെയ്താണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിട്ടുള്ളത്. സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ ബിജെപി സർക്കാർ എന്തിനാണ് അവരുടെ പരീക്ഷണശാലയായി മാറ്റുന്നതെന്ന് പ്രിയങ്ക ചോദിച്ചു.

വർഷങ്ങളായി സൈനികർ സേനകളിൽ ജോലി ചെയ്യുന്നു. ഇതൊരു ബാധ്യതയായി സർക്കാർ കാണുന്നുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. സൈനിക റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിഷയത്തിൽ ചർച്ചയില്ലെന്നും ഗൗരവമായ ചിന്തയില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. തീരുമാനങ്ങൾ വെറും ഏകപക്ഷീയമാണോയെന്ന ചോദ്യവും പ്രിയങ്ക ഉന്നയിക്കുന്നു.

ഈ നാല് വർഷത്തെ സേവനം വെറും തട്ടിപ്പാണെന്നാണ് യുവാക്കൾ പറയുന്നത്. നമ്മുടെ മുൻ സൈനികരും ഇതിനോട് വിയോജിക്കുന്നുവെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ ഇന്ത്യൻ സായുധസേനയുടെ റിക്രൂട്ട്മെന്റ് രീതികൾ അടിമുടി പരിഷ്‌കരിച്ചുകൊണ്ടുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഹ്രസ്വകാലാടിസ്ഥാനത്തിൽ പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് പദ്ധതി പ്രകാരം നിയമിക്കും. നാല് വർഷമായിരിക്കും സേവനകാലാവധി. 17.5 വയസ്സുമുതൽ 21 വയസു വരെയുള്ളവർക്കാണ് അവസരം ലഭിക്കുക.