ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി സമവായ ശ്രമങ്ങൾ ആരംഭിച്ച് ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ചർച്ച. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും അദ്ദേഹം ചർച്ച നടത്തി.
അതേസമയം, രാഷ്ട്രപതി സ്ഥനാർഥിയായി ഏതെങ്കിലും പ്രത്യേക പേര് ബിജെപി ഇതുവരെ മുന്നോട്ട് വെച്ചിട്ടില്ല. രാജ്നാഥ് സിങ് തന്നോട് സംസാരിച്ചതായി കോൺഗ്രസ് നേതാവ് ഖാർഗെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. പ്രധാനമന്ത്രിക്ക് തങ്ങളുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്ന് രാജ്നാഥ് പറഞ്ഞതായി ഖാർഗെ അറിയിച്ചു. എന്താണ് നിങ്ങളുടെ നിർദേശമെന്നും ആരെയെങ്കിലും സ്ഥാർഥിയായി കണ്ടെത്തിയിട്ടുണ്ടോയെന്നും താൻ തിരിച്ച് ചോദിച്ചു. എന്നാൽ അദ്ദേഹം അതിന് വ്യക്തമായ മറുപടി നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങളൊന്നുമില്ലാത്ത, പൊതുസമ്മതനായ ഒരാളുടെ പേര് നിർദേശിച്ചാൽ സർക്കാർ അത് അംഗീകരിക്കുമോയെന്നും ഖാർഗെ ചോദിക്കുന്നുണ്ട്.

