വിമാനത്തിനുള്ളിൽ പ്രതിഷേധക്കാർ കയറുന്ന കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി അറിഞ്ഞിരുന്നു: കോടിയേരി ബാലകൃഷ്ണൻ

kodiyeri

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിഷേധക്കാർ വിമാനത്തിൽ കയറുന്ന കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ ജീവനക്കാർ മുഖ്യമന്ത്രിയെ നേരത്തെ തന്നെ വിവരം ധരിപ്പിച്ചിരുന്നു. യാത്രക്കാരെന്ന നിലയിൽ ആരെയും തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സിപിഐഎം പുറമേരി ലോക്കൽ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് സിപിഎം നേതാക്കൾ നടത്തിയത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോഴായിരുന്നു സംഭവം നടന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ. നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്നത്.

അതേസമയം, സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിൽ തലവനായ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും പ്രത്യേക സംഘം അന്വേഷിക്കും