ഒമിക്രോണിനും ഡെല്‍റ്റക്കുമെതിരെ കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് ഡെല്‍റ്റ, ഒമിക്രോണ്‍ എന്നീ വേരിയന്റുകള്‍ക്കെതിരെ കൂടുതല്‍ ഫലപ്രദമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കീഴില്‍ പഠനം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തി.

സിറിയന്‍ ഹാംസ്റ്റര്‍ മാതൃകയിലാണ് ഡെല്‍റ്റ വേരിയന്റിനും ഒമിക്രോണ്‍ വേരിയന്റിനുമെതിരായ കൊവാക്സിന്റെ ഫലപ്രാപ്തി പരിശോധിച്ചത്. ആന്റിബോഡി റിയാക്ഷന്‍, ക്ലിനിക്കല്‍ നിരീക്ഷണങ്ങള്‍, വൈറല്‍ ലോഡ് റിഡക്ഷന്‍, ശ്വാസകോശ സംബന്ധമായ രോഗത്തിന്റെ തീവ്രത എന്നിവയാണ് ഗവേഷകര്‍ പരിശോധിച്ചത്. കൊവാക്സിന്റെ രണ്ടും മൂന്നും ഡോസ് വാക്സിന്‍ കുത്തിവെപ്പിന് ശേഷം ശ്വാസകോശ രോഗത്തിന്റെ തീവ്രതയില്‍ കുറഞ്ഞുവെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2021 ജനുവരിയില്‍ കുത്തിവെപ്പ് ആരംഭിച്ച കൊവാക്‌സിന്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് നിര്‍മ്മിച്ചത്. ഫേസ് 2 ഡബിള്‍ ബ്ലൈന്‍ഡ്, റാന്‍ഡമൈസ്ഡ് കണ്‍ട്രോള്‍ഡ് കൊവാക്സിന്‍ പഠനങ്ങളുടെ ഫലങ്ങള്‍ ഭാരത് ബയോടെക് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ദീര്‍ഘകാല സുരക്ഷക്കൊപ്പം പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്നുണ്ട്.