വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് ഡിജിസിഎ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. സിവിൽ എവിയേഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ പരിശോധിക്കും. ഇതിന് ശേഷമായിരിക്കും പ്രതിഷേധിച്ചവരുടെയും തടഞ്ഞവരുടെയും യാത്രാവിലക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക.

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധം സംബന്ധിച്ച് ഇൻഡിഗോ ഡിജിസിഎയ്ക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. മുദ്രാവാക്യം വിളിച്ചവരെ ക്യാബിൻ ക്രൂ ശാന്തരാക്കാൻ ശ്രമിച്ചെന്നും എന്നാൽ ഇവർ പ്രതിഷേധം തുടർന്നെന്നുമാണ് ഇൻഡിഗോ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മറ്റൊരു യാത്രക്കാരൻ പ്രതിഷേധിച്ചവരെ തള്ളിമാറ്റിയെന്നും ഇൻഡിഗോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് ഇൻഡിഗോ ഡിജിസിഎയ്ക്ക് കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ.

നിന്നെ തങ്ങൾ വെച്ചേക്കില്ലെടാ എന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചുവെന്നും തടയാൻ ശ്രമിച്ച തന്നെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ നൽകിയിരിക്കുന്ന മൊഴി. എന്നാൽ, ഈ മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കുക എളുപ്പമല്ല. കാരണം മുഖ്യമന്ത്രിക്കതെിരെ പ്രതിഷേധം നടന്ന ഇൻഡിഗോ എയർലൈനിൽ സി സി ടിവി ഇല്ല. യൂത്ത് കോൺഗ്രസുകാർ തന്നെ പകർത്തിയതാണ് ആകെയുള്ള ദൃശ്യങ്ങൾ. എഡിറ്റഡ് ചെയ്ത വീഡിയോ ആണിതെന്ന പരാതി ഉയർന്നിട്ടുണ്ട്.

വിമാനത്തിനുള്ളിൽ ആകെ ശേഷിക്കുന്ന തെളിവ് ബ്ലാക്ക് ബോക്‌സ് മാത്രമാണ്. അതിൽ നിന്നും ശബ്ദരേഖ മാത്രമാണ് ലഭിക്കുക. ബ്ലാക്ക് ബോക്‌സ് ഡീകോഡ് ചെയ്ത് ശബ്ദ രേഖ തിരിച്ചെടുക്കണമെങ്കിൽ കാര്യം നിസാരമല്ല. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അമേരിക്കയിൽ അയക്കണമെന്നാണ് ലഭ്യമാകുന്ന വിവരം. ഫലത്തിൽ വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴികളാവും നിർണായകമാവുക.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തെന്നും നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും ഇൻഡിഗോ ഗ്രൗണ്ട് മാനേജർ പൊലിസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇപി ജയരാജൻ തടഞ്ഞതും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.