കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമില്ല; മമത വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് ടിആർഎസ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കെ. ചന്ദ്രശേഖർ റാവുവിന്റെ ടി.ആർ.എസ്. കോൺഗ്രസുമായി വേദിപങ്കിടുന്നതിനും സഖ്യത്തിലേർപ്പെടുന്നതിനും താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ടി.ആർ.എസ് യോഗത്തിൽ നിന്നും പിന്മാറിയത്. ആംആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർഥിയെ നിർത്തുന്നതിന് വേണ്ടി ചർച്ച നടത്താനാണ് മമത ബാനർജി യോഗം വിളിച്ചത്.

ബിജെപിക്ക് എതിരെയുള്ള സഖ്യത്തിൽ മമതയ്ക്കൊപ്പം പ്രവർത്തിക്കാൻ നേരത്തെ ടിആർഎസ് താത്പര്യപ്പെട്ടിരുന്നു. യോഗത്തിലേക്ക് കോൺഗ്രസിനെ ക്ഷണിച്ചതാണ് ടിആർഎസിന്റെ പിന്മാറ്റത്തിന് കാരണം. തെലങ്കാന സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ടിആർഎസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതാണ് ടിആർഎസിനെ പ്രകോപിപ്പിക്കാൻ കാരണമെന്നാണ് വിവരം. ഒരാളെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയും അതിന് ശേഷം ഇക്കാര്യം അറിയിക്കുമ്പോൾ ആ വ്യക്തി പിൻമാറുകയും ചെയ്യുന്നു. അതിന് ശേഷം യോഗംചേരുന്നതിൽ എന്ത് അർഥമാണുള്ളതെന്നാണ് ടിആർഎസ് ചോദിക്കുന്നത്. സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്ന ശരദ് പവാർ, താൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ടിആർഎസിന്റെ പ്രതികരണം. എല്ലാ കക്ഷികളുമായും അഭിപ്രായം സമന്വയം ഉണ്ടായശേഷമാണ് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കേണ്ടിയിരുന്നതെന്നാണ് ടിആർഎസിന്റെ നിലപാട്.

അതേസമയം, കോൺഗ്രസ്, സിപിഎം, സിപിഐ, ഡി.എം.കെ, ജനതാദൾ, ആർഎൽഡി, ജമ്മുകശ്മീരിലെ നാഷണൽ കൺഫറൻസ്, പി.ഡിപി തുടങ്ങിയ കക്ഷികൾ മമത ബാനർജി വിളിച്ച യോഗത്തിൽ പങ്കെടുക്കും.