ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യാന്‍ സാധ്യത. രണ്ടാം ദിവസം നടന്ന ചോദ്യം ചെയ്യലില്‍ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുലിന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇന്നും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇഡിയിലെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
ഇന്നലെ രാവിലെ 11.30നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഉച്ച ഭക്ഷണത്തിനായി ഒരു മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച നടപടികള്‍ രാത്രി വരെ നീണ്ടു. ഏറെ ആലോചിച്ചാണ് ഓരോ ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കുന്നതെന്നാണ് വിവരം. ചില മറുപടികള്‍ മാറ്റിപ്പറയുകയോ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുകയോ ചെയ്യുന്നു. താന്‍ ഡയറക്ടറായ ‘യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി’ കമ്പനീസ് ആക്ടിലെ വകുപ്പ് 25 (ചാരിറ്റബിള്‍ ആക്ട്) അനുസരിച്ച് രൂപം നല്‍കിയതാണെന്നും ലാഭം ഉണ്ടാക്കുക ലക്ഷ്യമല്ലെന്നും ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍മാര്‍ക്കോ ലാഭവിഹിതം നല്‍കേണ്ടതില്ലെന്നുമാണ് രാഹുല്‍ ഉത്തരം നല്‍കിയത്. എന്നാല്‍ ഈ ഉത്തരം അന്വേഷണ ഉദ്യോഗസ്ഥന്‍ അംഗീകരിച്ചില്ല.
അതേസമയം, സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാല്‍ രാഹുലിനെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുലിനെ ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. എത്ര അടിച്ചമര്‍ത്താന്‍ നോക്കിയാലും മുന്നോട്ടു പോകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

