സംസ്ഥാനത്ത് കലാപം നടത്തി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപം നടത്തി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ പറഞ്ഞു വിട്ട ആദ്യ മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. അമിതാധികാര ശക്തികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്നു. വിമാനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നത് പച്ചകള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചതെന്ന് ഇ പി ജയരാജൻ ആദ്യം മാദ്ധ്യമങ്ങളോട് പറഞ്ഞതിന് തെളിവുണ്ട്. ഈ സാഹചര്യത്തിൽ വധശ്രമ കേസ് പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത സ്ത്രീകളെ സമൂഹ മാദ്ധ്യമങ്ങളിൽ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയാണ് സിപിഎം സൈബർ ഗുണ്ടകൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി വീണ എസ് നായരെ സൈബറിടങ്ങളിൽ വലിച്ചു കീറുന്നു. നിഘണ്ടുവിൽ സ്ത്രീശരീരത്തിലെ വിവിധ ഭാഗങ്ങളുടെ പര്യായപദങ്ങൾ തേടുന്ന നെന്മാറ എം.എൽ.എ കെ ബാബു. പാർട്ടിയിലെ ക്രിമിനലുകളെ സിപിഎം ഇറക്കി വിട്ടിരിക്കുകയാണ്. ഇവരാണോ സ്ത്രീപക്ഷ വാദികളെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സിപിഎമ്മിലെ വനിതാ നേതാക്കളും വനിതാ കമ്മിഷനും എവിടെ പോയെന്നും അദ്ദേഹം ചോദിക്കുന്നു.