ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയെന്ന് പേര്; യുപിയിലെ ഹോട്ടലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ സ്വകാര്യ ഹോട്ടലിലെ മെനു കാര്‍ഡിലാണ് രാഹുല്‍ ഗാന്ധി എന്ന പേര് നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ഇറ്റാവയിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് രാഹുല്‍ ഗാന്ധി പേരില്‍ വിഭവം വിളമ്പുന്നത്. ഹോട്ടലിലെ ഇറ്റാലിയന്‍ വിഭവങ്ങളുടെ വിവരവും വിലയും നല്‍കിയതിന് പൊതുവായി നല്‍കിയ തലക്കെട്ട് ‘ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി’ എന്നാണ്. ഇറ്റാലിയന്‍ പാസ്ത, മെക്‌സിക്കന്‍ പാസ്ത, ഹാംഗ് ഓവര്‍ പാസ്ത എന്നി വിഭവങ്ങളാണ് ഇതിനൊപ്പം നല്‍കിയിരിക്കുന്നത്.

അതേസമയം, ഹോട്ടലിലെ മെനു കാര്‍ഡില്‍ നിന്നും രാഹുല്‍ ഗാന്ധി എന്ന പേര് നീക്കണമെന്ന് ഇറ്റാവ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പേര് നീക്കം ചെയ്ത് മാപ്പ് പറയണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ പേര് അനുചിതമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് പോലീസ് സൂപ്രണ്ടിന് ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാതി നല്‍കി. പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് പോലീ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

എന്നാല്‍, സര്‍ക്കാര്‍ സ്ഥലം അനധികൃതമായി കൈയേറിയാണ് റസ്റ്റോറന്റ് നിര്‍മ്മിച്ചതെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പല്ലവ് ദുബെ ആരോപിച്ചു. റസ്റ്റോറന്റിലെ മെനു കാര്‍ഡില്‍ രാഹുല്‍ ഗാന്ധി എന്ന പേരെഴുതിയത് കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അപമാനിക്കുന്നതിനാണ്. ഈ പ്രവര്‍ത്തി ചെയ്തവര്‍ ആരായാലും കേസെടുത്ത് അറസ്റ്റ് നടപടി സ്വീകരിക്കണം. കുറ്റക്കാരെ ജയിലില്‍ അടയ്ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.