പി.സി ജോര്‍ജുമായി സ്വപ്‌ന സുരേഷ് ഗൂഢാലോചന നടത്തി; മൊഴി നല്‍കി സരിത

കൊച്ചി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജുമായി സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് സരിത മൊഴി നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ തൃക്കാക്കര തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിച്ചുവിടാനായിരുന്നു ലക്ഷ്യം. ചില നിയമ തടസ്സങ്ങളും ചിലരെ സംരക്ഷിക്കേണ്ടതും ഉള്ളത് കൊണ്ട് ആ ലക്ഷ്യം നടന്നില്ലെന്നും മൊഴി നല്‍കിയ ശേഷം സരിത പ്രതികരിച്ചു.

സരിതയുടെ വാക്കുകള്‍

‘ഗൂഢാലോചനയില്‍ ഫെബ്രുവരി അഞ്ചു മുതല്‍ പതിനഞ്ച് വരെയുള്ള വിവരങ്ങളാണ് എനിക്കറിവുള്ളത്. സ്വപ്നയ്ക്ക് നിയമസഹായം നല്‍കുന്നത് പി.സി.ജോര്‍ജാണ്. സ്വപ്നയോട് ഞാന്‍ സംസാരിച്ചിട്ടില്ല. വിഷയം എന്റെ മുന്നില്‍ അവതരിപ്പിച്ചത് പി.സി. ജോര്‍ജാണ്. പത്താം തിയതി അദ്ദേഹത്തെ കണ്ടു. അപ്പോഴും ഇതേ വിഷയം പറഞ്ഞു. സ്വപ്നയ്ക്കുവേണ്ടി ഒരു അഭിഭാഷകന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഹൈക്കോടതിയിലെ ചില ജഡ്ജിമാരുമായി സംസാരിക്കാന്‍ തീരുമാനിച്ചെന്നും പി.സി.ജോര്‍ജ് തന്നോട് പറഞ്ഞു. എന്‍ഐഎയിലെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ആളാണെന്നും അവരെ സ്ഥലം മാറ്റാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയാണെന്നും പറഞ്ഞു. അത് കഴിഞ്ഞ് ഈരാറ്റുപേട്ടയില്‍ വെച്ച് പി.സി.ജോര്‍ജുമായി സംസാരിച്ചു. സ്വപ്നയ്ക്ക് വേണ്ടി സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ പറയണം. സ്വപ്ന പറയുന്നതിനേക്കാള്‍ ആളുകള്‍ ഏറ്റെടുക്കും മറ്റൊരാള്‍ പറഞ്ഞാലെന്നും പിസി പറയുകയുണ്ടായി. സ്വപ്ന പറയുന്നതിനപ്പുറം എന്തെങ്കിലും തെളിവുകളുണ്ടോയെന്ന് ചോദിച്ചു. അത്തരം തെളിവുകളൊന്നും ഇല്ലെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയാല്‍ അവര്‍ തെളിവ് ചോദിച്ചാല്‍ എന്ത് പറയുമെന്നും ഞാന്‍ ചോദിച്ചു. അതെല്ലാം സ്വപ്ന പറയും. പതിനഞ്ചാം തിയതി സ്വപ്നയുമായി ഒരു കൂടിക്കാഴ്ച നടത്താമെന്നും ജോര്‍ജ് നിര്‍ദേശിച്ചു. എച്ച്ആര്‍ഡിഎസാണ് ഈ ഒരു ഗൂഢാലോചനയില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ളതെന്നാണ് മനസ്സിലാക്കുന്നത്. പി.സി.ജോര്‍ജിനെ പോലുള്ള ഒരു നാവിനെ അവര്‍ക്കതിന് ആവശ്യമുണ്ടായിരുന്നു. ഒപ്പം പി.സി.ജോര്‍ജിന്റെ രാഷ്ട്രീയ താത്പര്യവും ഉണ്ടായിരിക്കാം. ക്രൈം നന്ദകുമാറുമായി 2008ന് ശേഷം സംസാരിച്ചിട്ടില്ല. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയ വ്യക്തിയാണ് നന്ദകുമാര്‍. സ്വപ്നയും ഞാനുമായുള്ള കൂടിക്കാഴ്ച പി.ജി.ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. അത് ക്രൈംനന്ദകുമാറിന്റെ ഓഫീസില്‍ വെച്ചായത് കൊണ്ടാണ് അതില്‍ നിന്ന് ഞാന്‍ വിട്ടുനിന്നത്. അപ്പോള്‍ മുതല്‍ എനിക്ക് ഇതില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. നന്ദകുമാറിന്റെ ഓഫീസില്‍ വെച്ച് ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ജോര്‍ജ് സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നീട് ഹോട്ടലുകളിലേക്ക് ചര്‍ച്ച മാറി. തെളിവുകളില്ലാത്തത് കൊണ്ടാണ് ഇതില്‍ ഇടപെടാതിരുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഒരു ആയുധമായി മാറാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. അന്വേഷണ സംഘത്തിന് ഇപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. വീണ്ടും ആവശ്യമുണ്ടെങ്കില്‍ നോട്ടീസ് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറയിച്ചിട്ടുണ്ട്.’