പിണറായിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴി; ഷാജ് കിരണിന്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന

പാലക്കാട്: ഷാജ് കിരണിന്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും കോടിയേരി ബാലകൃഷ്ണനെ കുറിച്ചും ഷാജ് കിരൺ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫീസിൽ വച്ചാണ് ശബ്ദരേഖ പുറത്തുവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വിദേശ ഫണ്ടുകളെ സംബന്ധിച്ച് ഷാജ് കിരണിൽ നിന്നും മനസ്സിലാക്കിയ വിവരങ്ങളും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

പിണറായിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴിയാണെന്നും സ്വപ്‌ന ആരോപിച്ചു. അത് കാരണമാണ് അവരുടെ എഫ്.സി.ആർ.എ ക്യാൻസൽ ആയത്. താൻ നികേഷ് കുമാറിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സ്വപ്‌ന അറിയിച്ചു. ചെറിയ ഭൂമിക്കച്ചവടം ചെയ്തു നടക്കുന്ന ആളല്ല ഷാജ്. അയാൾ പലതിന്റെയും ബിനാമിയാണ്. പല കമ്പനികളുടെയും ഡയറക്ടർ ബോർഡിൽ ഷാജുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കി.

പിണറായി വിജയന്റെയും കോടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. നാളെ തങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? തങ്ങൾ എന്താണ് പറയേണ്ടത് എന്നും ശബ്ദരേഖയിൽ ഷാജ് കിരൺ ചോദിക്കുന്നു.