മധു വധക്കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് കുടുംബം

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം. ഫലപ്രദമായ രീതിയില്‍ കേസ് വാദിക്കാന്‍ പ്രോസിക്യൂട്ടര്‍ രാജേന്ദ്രന് കഴിയുന്നില്ലെന്ന് കാട്ടിയാണ് മധുവിന്റെ അമ്മയും സഹോദരിയും മണ്ണാര്‍ക്കാട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നിലവിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ രാജേന്ദ്രനെ മാറ്റി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന് ചുമതല നല്‍കണം. പുതിയ പ്രോസിക്യൂട്ടര്‍ വരുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണം. തുടങ്ങിയ ആവശ്യങ്ങളാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയില്‍ രേഖാമൂലം നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് പ്രധാന സാക്ഷികളുടെ കൂറുമാറ്റത്തിനൊപ്പം കൃത്യമായ തെളിവുകള്‍ കോടതിയെ വേണ്ട രീതിയില്‍ ധരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നുമാണ് പ്രധാന വിമര്‍ശനം.

എന്നാല്‍, സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് അറിയിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു.