അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ വഴി ഇടപാട് നടത്താം

ഇനി അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന തീരുമാനം വന്നത് ഈയടുത്താണ്. ഡെബിറ്റ് കാര്‍ഡുകള്‍ക്കൊപ്പം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും യുപിഐ സേവനങ്ങള്‍ ഇനി നടത്താന്‍ സാധിക്കും. എളുപ്പത്തില്‍ ഉപയോഗിക്കാമെന്നതാണ് യുപിഐ സേവനങ്ങളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാട് കുറച്ച് സങ്കീര്‍ണാമാണ്. ഇടപാട് സമയം മുഴുവന്‍ കാര്‍ഡ് കയ്യില്‍ കരുതുകയും ഇടപാട് സമയത്ത് സൈ്വപ്പ് ചെയ്ത് ഉപയോഗിക്കുകയും വേണം. എന്നാല്‍ യുപിഐ സേവനങ്ങള്‍ക്ക് കയ്യിലെ മൊബൈല്‍ ഫോണ്‍ മാത്രം മതി.

ക്രെഡിറ്റ് കാര്‍ഡും യുപിഐയും

നിലവില്‍ സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് യുപിഐ സേവനങ്ങള്‍ നടത്തുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും യുപിഐ ഇടപാടുകള്‍ നടത്താനാകും. റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. യുപിഐ സേവനം രാജ്യത്ത് വര്‍ധിപ്പിക്കുകയെന്ന ഉദ്യേശത്തോടെയാണ് ആദ്യ ഘട്ടത്തില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നത്. രാജ്യത്ത് 26 കോടി ഉപഭോക്താക്കളാണ് യുപിഐഉപയോഗിക്കുന്നതെന്നാണ് കണക്ക്. 5 കോടി വ്യാപാരികള്‍ യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നു. 2022 മേയ് മാസത്തില്‍ മാത്രം 594.63 കോടി ഇടപാട് യുപിഐ വഴി നടത്തി. 10.40 ലക്ഷം കോടി രൂപയുടെ ഇടപാടാണ് ഇത്തരത്തില്‍ ഒരു മാസം നടത്തിയത്. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ചാര്‍ജ് ഒന്നുമില്ല. ഇതാണ് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുകയാണ് യുപിഐയും ക്രെഡിറ്റ് കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ മുഖ്യ കാരണം.

നിരക്ക്

യുപിഐ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ച യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഉണ്ടാവുമോയെന്നതാണ് ചോദ്യം. ഇതിന് വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ബിഐ വ്യക്തത വരുത്തിയിട്ടില്ല. കച്ചവടക്കാരന്‍ ഓരോ യുപിഐ ഇടപാടിനും നിശ്ചിത ശതമാനം തുക നല്‍കേണ്ടതുണ്ട്. ഇത് ബാങ്കും സര്‍വീസ് പ്രൊവൈഡറും വീതിച്ചെടുക്കുന്നതാണ് രീതി. 2020 ജനുവരി ഒന്നിന് ഇറങ്ങിയ ഉത്തരവ് പ്രകാരം റൂപേ ഡെബിറ്റ് കാര്‍ഡുകള്‍ ഈ നിരക്ക് ഈടാക്കുന്നില്ല. ഇത്തരം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ലെന്ന്താണ് രാജ്യത്ത് യുപിഐ സേവനങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ക്രെഡിറ്റ് കാര്‍ഡ് നിരക്ക് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുപിഐയും റൂപേ ക്രെഡിറ്റ് കാര്‍ഡും

യുപിഐയും റൂപേ ക്രെഡിറ്റ് കാര്‍ഡും ബന്ധിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള യുപിഐ പണമിടപാട് നടത്താന്‍ സാധിക്കുകയുളളൂ. സാങ്കേിതിക പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ ബന്ധപ്പെട്ടിട്ടുഇണ്ട്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് റൂപേ കാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ ഡെബിറ്റ് കാര്‍ഡ് വിപണിയുടെ 60 ശതമാനവും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ക്രെഡിറ്റ് കാര്‍ഡില്‍ വിസാ, മാസ്റ്റര്‍ കാര്‍ഡ് എന്നിവരാണ് മുന്നില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, യൂണിയന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവയാണ് റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന ബാങ്കുകള്‍.