തിരുവനന്തപുരം: ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ച് പിടിച്ച് കേരള പൊലീസ്. ദി കേരള പൊലീസ് എന്ന ട്വിറ്റര്‍ ഹാന്റിലാണ് തിരിച്ച് പിടിച്ചത്. 3.14 ലക്ഷം ട്വിറ്ററില്‍ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്.
2013 സെപ്തംബര്‍ മുതല്‍ സജീവമായ കേരള പൊലീസിന്റെ അക്കൗണ്ടാണ് ഇത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സംഭവത്തില്‍ പൊലീസ് സേനയില്‍ നിന്നും അനൗദ്യോഗികമായി ലഭിച്ച വിവരം. എന്‍എഫ്ടി, ക്രിപ്‌റ്റോ പോലുള്ള ന്യൂജെന്‍ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് ജനപിന്തുണ നേടിയെടുക്കാന്‍ കൂടുതല്‍ ഫോളോവേര്‍സുള്ള ഇത്തരം ഹാന്റിലുകള്‍ ഹാക്ക് ചെയ്യുന്ന ന്യൂജന്‍ സംഘങ്ങള്‍ സജീവമാണ്. ഇവരാണ് ഇതിന് പിന്നിലെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. അക്കൗണ്ടില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ എന്‍എഫ്ടി അനുകൂല ട്വീറ്റുകള്‍ ഇതിനോടകം റീട്വീറ്റ് ചെയ്തിരുന്നു.
അക്കൗണ്ടില്‍ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവര്‍ പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹാക്ക് ചേയ്തവര്‍ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നല്‍കിയത്.

