സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യം

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസും പ്രവര്‍ത്തനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി സി.പി ദിലീപ് നായര്‍ പരാതി നല്‍കി. വിജിലന്‍സ് ഡയറക്ടര്‍ക്കും ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപിക്കും ആണ് പരാതി നല്‍കിയത്.

അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണമുന്നയിച്ചതോടെയാണ് സ്ഥാപനം വീണ്ടും വാര്‍ത്തകളിലിടം നേടിയത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന സ്ഥാപനമെന്ന ആക്ഷേപം ഈ സ്ഥാപനത്തിനു നേരെയുണ്ട്. ആര്‍എസ്എസ് പിന്‍ബലമുള്ള ഒരു സംഘടന സ്വപ്നയ്ക്കും സരിത്തിനും ജോലി നല്‍കിയതും അവിടെ ജീവനക്കാരി ആയിരിക്കെ മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതും യാദൃച്ഛികമല്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യമന്ത്രിക്കെതിരെ തിരിയുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പുതിയ വെളിപ്പെടുത്തലെന്ന ആരോപണവും നേതാക്കള്‍ ഉന്നയിച്ചിരുന്നു. പുതിയ പരാതി ലഭിച്ചതോടെ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാനാണ് പോലീസ് നീക്കം.