കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തുന്നത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ കളക്ട്രേറ്റുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. അതേസമയം, സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.
കോടതിയിൽ മൊഴി നൽകിയ പ്രതിയെ സർക്കാർ വിരട്ടുന്നുവെന്നാണ് വി ഡി സതീശന്റെ വിമർശനം. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് മൊഴിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധനാണെങ്കിൽ മുഖ്യമന്ത്രി ഇതാണോ ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
പ്രതിയുടെ മൊഴിക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തത് അതിശയകരമാണ്. കോടതിയിൽ രഹസ്യ മൊഴി നൽകിയവർക്കെതിരെ സിപിസി 340-1 പ്രകാരം മുഖ്യമന്ത്രിക്ക് ആ കോടതിയിൽ തന്നെ പരാതി നൽകാനാകും. മൊഴി നുണയാണെന്നു തെളിഞ്ഞാൽ ഏഴ് വർഷം തടവ് വരെ ലഭിക്കാം. എന്നിട്ടും മുഖ്യമന്ത്രി പരാതി നൽകാത്തത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

