ബംഗളൂരു: നമ്പര്‍പ്ലേറ്റുകളില്‍ ചിത്രപ്പണികള്‍ ചെയ്യുകയോ സംഘടനകളുടെയോ സ്ഥാപനത്തിന്റേയോ പേരെഴുതുകയോ ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങുന്നു. ജൂണ്‍ 10-നുള്ളില്‍ നിയമവിരുദ്ധമായ നമ്പര്‍പ്ലേറ്റുകള്‍ നീക്കംചെയ്യണമെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഇത്തരം നമ്പര്‍പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനം.
നിയമ വിധേയമല്ലാത്ത നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ പിടികൂടുമ്പോള്‍ ആദ്യതവണ 500 രൂപ പിഴയീടാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. രണ്ടാംതവണ പിഴ 1,000-ആകും. വീണ്ടും നിയമലംഘനം തുടര്‍ന്നാല്‍ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കും. 10-നുശേഷം നഗരത്തിലുടനീളം പരിശോധന നടത്താനാണ് അധികൃതരുടെ നീക്കം. അനുവദനീയമായ ഫോണ്ട് ഒഴികെയുള്ള ഫോണ്ടുകള്‍ ഉപയോഗിച്ച് നമ്പര്‍പ്ലേറ്റ് തയ്യാറാക്കുന്നതിനും പിഴയീടാക്കും. സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നമ്പര്‍പ്ലേറ്റില്‍ പേരെഴുതുന്നതും നിയമലംഘനമാണ്. മതചിഹ്നങ്ങള്‍ പതിപ്പിക്കുന്നവര്ക്കെതിരേയും നടപടിയെടുക്കും.
അനധികൃതമായി ഫാന്‍സി നമ്പര്‍പ്ലേറ്റുകള്‍ തയ്യാറാക്കി നല്കുന്ന സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കി നടപടിയെടുക്കും. അതേസമയം, നമ്പര്‍ പ്ലേറ്റുകളില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ട്രാഫിക് പോലീസിന്റെ വാട്സാപ്പ് നമ്പറില്‍ പൊതുജനങ്ങള്‍ക്കും ചിത്രം സഹിതം പരാതി നല്‍കാം. 9449863459, 9480801800 എന്നീ നമ്പറുകളിലാണ് ചിത്രങ്ങള്‍ അയക്കേണ്ടത്.

