ന്യൂഡൽഹി: ബിജെപി നേതാക്കൾ മുഹമ്മദ് നബിയെ അപമാനിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ഉണ്ടായ സംഘർഷത്തിൽ ദേശീയ മാദ്ധ്യമങ്ങളുടെ ഇടപെടലിനെതിരെ വിമർശനവുമായി പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. സംഘർഷത്തിനിടയിൽ ദുർബല സമുദായങ്ങൾക്കെതിരെ വിദ്വേഷം വർദ്ധിപ്പിക്കാൻ പോന്ന സാഹചര്യങ്ങൾ ചില ദേശീയ വാർത്ത ചാനലുകൾ ബോധപൂർവം സൃഷ്ടിച്ചുവെന്നാണ് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ വിമർശനം.
ഭരണഘടന മൂല്യങ്ങൾക്കും നിയമവാഴ്ചക്കും ശക്തിപകരേണ്ട മാദ്ധ്യമങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ എഡിറ്റേഴ്‌സ് ഗിൽഡ് ശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സാമുദായിക അന്തരീക്ഷം കലങ്ങിനിൽക്കുന്ന സാഹചര്യങ്ങളിൽ മാധ്യമങ്ങൾ എങ്ങനെ പെരുമാറണമെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗനിർദ്ദേശം നിലവിലുണ്ട്. എന്നാൽ, കാണികളുടെ എണ്ണവും അതുവഴി ലാഭവും കൂട്ടാനുള്ള വ്യഗ്രതയിലാണ് ചില ചാനലുകൾ പ്രവർത്തിച്ചതെന്നും സംഘടന കുറ്റപ്പെടുത്തി. ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റം സമുദായങ്ങൾ തമ്മിലെ അകലം വർദ്ധിപ്പിക്കുകയും ദേശീയ ചർച്ചാഗതി പ്രാകൃതമാക്കുകയും ചെയ്തു. വിഭാഗീയവും വിഷലിപ്തവുമായ അഭിപ്രായങ്ങളിൽ ന്യായീകരണം കണ്ടെത്താൻ നടത്തിയ ശ്രമം ഈ ചാനലുകൾ വിമർശനാത്മകമായി പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ മാധ്യമലോകം ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് എഡിറ്റേഴ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റ് സീമ മുസ്തഫ, ജനറൽ സെക്രട്ടറി സഞ്ജയ് കപുർ, ട്രഷറർ ആനന്ദ് നാഥ് എന്നിവർ അറിയിച്ചു.

