സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്; വെളിപ്പെടുത്തലുമായി ഷാജ് കിരൺ

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരൺ. ഇപ്പോൾ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഷാജ് കിരൺ വ്യക്തമാക്കി.

അഡ്വ. കൃഷ്ണരാജും എച്ച്ആർഡിഎസും ചില രാഷ്ട്രീയക്കാരുമാണ് ഈ ആരോപണങ്ങൾക്കു പിന്നിലെന്നും ഷാജ് ആരോപിച്ചു. എന്തിനാണ് നാലു പേരുകൾ പറഞ്ഞതെന്ന് സ്വപ്‌നയോട് ചോദിച്ചപ്പോൾ വക്കീലിന്റെ നിർദേശപ്രകാരമാണെന്ന് മറുപടി നൽകിയിരുന്നു.

ഈ പറഞ്ഞ വക്കീലിന് ഫീസ് കൊടുക്കുന്നില്ല. എച്ച്ആർഡിഎസ് ഇന്ത്യയാണ് വക്കീലിനെ വച്ചത്. കേസ് അവസാനിച്ച് ഇഡിയുടെ കൈയിൽ നിന്നും പണം കിട്ടുമ്പോൾ വക്കീലിനുള്ള ഫീസ് കൊടുക്കുമെന്ന് സ്വപ്‌ന അറിയിച്ചതായും ഷാജ് വ്യക്തമാക്കുന്നു. മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ അടുത്ത സുഹൃത്ത് ഷാജ് കിരൺ ശ്രമിച്ചതായി സ്വപ്ന ആരോപണം ഉന്നയിച്ചിരുന്നു.

ഷാജ് കിരൺ അടുത്ത സുഹൃത്താണ്. താൻ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരൺ പാലക്കാട് വന്നത്. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് തലേ ദിവസം പറഞ്ഞിരുന്നു. പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലൻസാണ് സരിത്തിനെ കൊണ്ടുപോയതെന്നു പറഞ്ഞത് ഷാജ് ആണ്. മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് കുമാർ എന്നയാൾ വന്ന് കാര്യം സംസാരിക്കുമെന്നും ഷാജ് പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.