സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് മാധ്യമപ്രവര്‍ത്തകയടക്കം 9 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനും, ക്രമസമാധാനം തകര്‍ക്കാന്‍ വിവിധ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചതിനുമാണ് പോലീസ് ഇവര്‍ക്കെതികെ കേസെടുത്തിരിക്കുന്നത്.
നബി വിരുദ്ധ പരാമര്‍ശത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മ, പുറത്താക്കിയ ഡല്‍ഹി ബിജെപി മീഡിയ ഇന്‍ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍, ശിവലിംഗിനെക്കുറിച്ച് വിവാദ ട്വീറ്റ് ചെയ്ത പീസ് പാര്‍ട്ടിയുടെ മുഖ്യ വക്താവ് ഷദാബ് ചൗഹാന്‍, മാധ്യമപ്രവര്‍ത്തക സബാ നഖ്വി, രാജസ്ഥാനില്‍ നിന്നുള്ള മൗലാന മുഫ്തി നദീം, ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുന്‍ പാണ്ഡെ, അബ്ദുര്‍ റഹ്മാന്‍, അനില്‍കുമാര്‍ മീണ, ഗുല്‍സാര്‍ അന്‍സാരി എന്നിവരാണ് പ്രതികള്‍.
ക്രമസമാധാനം തകര്‍ക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുടെ പങ്ക് പ്രത്യേക സെല്‍ അന്വേഷിക്കുമെന്ന് ഐഎഫ്എസ്സി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു. വിവിധ മതങ്ങളില്‍പ്പെട്ടവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

