മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലല്ലാതെ ഷാജ് കിരണുമായി ബന്ധമില്ല; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി യോഹന്നാനും ബിലീവേഴ്‌സ് ചര്‍ച്ചും

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ ഷാജി കിരണ്‍ എന്നയാള്‍ ഇടനിലക്കാരനായി സമീപിച്ചുവെന്നും, മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും ചൂണ്ടിക്കാട്ടിയിരുന്നു. യുപി രജിസ്‌ട്രേഷന്‍ കാറില്‍ എത്തിയത് കെ പി യോഹന്നാന്റെ ആളാണെന്ന് പരിചയപ്പെടുത്തിയെന്നും സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഷാജി കിരണ്‍ എന്ന വ്യക്തിയുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി ഒരുബന്ധവും ഇല്ലെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അറിയിച്ചു.

‘ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരില്‍ ഒരുട്രസറ്റ് 2015 മുതല്‍ നിലവിലില്ല. ഷാജി കിരണിന് ട്രസ്റ്റുമായി ഒരുബന്ധവുമില്ല. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഭാ പിആര്‍ഒയുമായി ഉള്ള ബന്ധം മാത്രമാണ് അദ്ദേഹത്തിനുള്ളത്. നിലവില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തില്‍ ഇല്ല എന്ന വസ്തുതയാണ് മനസ്സിലാക്കുന്നത്. സഭയുടെയും മെത്രാപൊലീത്തയുടെയും പേരുകള്‍ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടത് സംബന്ധിച്ച് നിയമ നടപടികള്‍ എടുക്കണമോ എന്ന് നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും’- ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പിആര്‍ഒയും ഔദ്യോഗിക വക്താവുമായ ഫാ.സിജോ പന്തപ്പള്ളില്‍ പറഞ്ഞു.

അതേസമയം, കെപി യോഹന്നാനുമായി തനിക്ക് ബന്ധമില്ലെന്നും ഒരു വിശ്വാസി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിട്ടുണ്ടെന്നും ഷാജി കിരണ്‍ പറഞ്ഞു. ‘ഗോസ്പല്‍ ഫോര്‍ ഏഷ്യയില്‍ ഭാര്യ ആറേഴു മാസം ജോലി ചെയ്തിട്ടുണ്ട് എന്നതല്ലാതെ വേറെ ബന്ധമുണ്ടെന്ന് അതു പറഞ്ഞവര്‍ തെളിയിക്കണം. ഞാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ചെയ്യുന്നതിന്റെ അനന്തരഫലം ഗൗരവമുള്ളതായിരിക്കുമെന്ന് ഒരു സുഹൃത്തെന്ന നിലയില്‍ അവരെ ഉപദേശിച്ചെന്ന് മാത്രം. നിങ്ങള്‍ നിങ്ങളുടെ സുരക്ഷ നോക്കി കാര്യങ്ങള്‍ ചെയ്യണമെന്നാണ് ഞാന്‍ സ്വപ്ന സുരേഷിനോട് പറഞ്ഞത്. മറ്റ് കാര്യങ്ങളെല്ലാം സ്വപ്ന സുരേഷ് പറയട്ടെ. ശബ്ദ രേഖയുണ്ടെങ്കില്‍ പുറത്ത് വിടട്ടെ. മൊഴി തിരുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതിന്റെ ആവശ്യമില്ല. അത് ഭീഷണിയല്ല. 2014ലാണ് താന്‍ അവസാനമായി മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളത്. അല്ലാതെ യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിക്കായി എന്തെങ്കിലും പറയണമെങ്കില്‍ മുഖ്യമന്ത്രിയുമായി ബന്ധം വേണ്ടേ. സ്വപ്ന സുരേഷ് വിളിച്ചിട്ടാണ് കഴിഞ്ഞ ദിവസം ഞാന്‍ പാലക്കാട് അവര്‍ താമസിക്കുന്ന സ്ഥലത്തു പോത്. സരിത്തിനെ ആരോ തട്ടിക്കൊണ്ടു പോയി ഇവിടെ വരാമോ എന്നു പറഞ്ഞാണ് വിളിച്ചത്. അവിടെ ചെന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. വൈകിട്ട് ആറു വരെ അവര്‍ക്കൊപ്പമുണ്ടായിരുന്നു. എനിക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സ്വപ്നയാണെന്നു കരുതുന്നില്ല. സ്വപ്നയില്‍ നിന്നു എന്നെ അകറ്റാന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട്. 5560 ദിവസമായി സ്വപ്നയുമായി അടുപ്പവും സൗഹൃദവുമുണ്ട്. അവരുമായി ഞന്‍ അടുക്കുന്നതില്‍ താല്‍പര്യമില്ലാത്ത ആരോ ആണ് സത്യവാങ്മൂലത്തിനു പിന്നിലെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ ഞാന്‍ അവരെ ഭീഷണിപ്പെടുത്തി എന്നത് അവരുടെ വായില്‍ നിന്നു കേള്‍ക്കണം’- എന്നും ഷാജ് കിരണ്‍ പ്രതികരിച്ചു.