ഇറാൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സന്ദർശനത്തിനെത്തിയപ്പോഴാണ് ഇറാൻ വിദേശകാര്യമന്ത്രി, നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ ചർച്ച നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും അടുത്തിടെയുണ്ടായ പ്രവാചക വിരുദ്ധ പ്രസ്താവനകളും ചർച്ചയുടെ ഭാഗമായെന്ന് ഇറാൻ അറിയിച്ചു.

ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക വിരുദ്ധ പ്രസ്താവനയ്ക്ക് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ മുസ്ലീം രാഷ്ട്ര പ്രതിനിധിയാണ് ഇറാൻ വിദേശകാര്യമന്ത്രി.

നൂപുർ ശർമ്മയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസിന്റെ വക്താവ് രംഗത്തെത്തിയിരുന്നു. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്നാണ് യു.എൻ ആവശ്യപ്പെടുന്നതെന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് അറിയിച്ചിരുന്നു.