ബ്രിട്ടനിലെയും യൂറോപ്പിലെയും ബാറുകളിലും നിശാക്ലബുകളിലും രഹസ്യമായി ശരീരത്തില്‍ ചില മരുന്ന് കുത്തിവെയ്ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു. സൂചി ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഇത്തരം സംഭവങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ കേസുകളിലൊന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബാറിലും നിശാക്ലബുകളിലും എത്തുന്ന യുവതികളെയും പെണ്‍കുട്ടികളെയുമാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോഴാണ് കുത്തിവെച്ചതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെടുക. ഇത്തരം ആക്രമണത്തിന് ഇരയായ പലര്‍ക്കും ഓര്‍മക്കുറവും മുറിവുകളും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൂചി ആക്രമണത്തിന് ഇരയായ നൂറുകണക്കിന് പേരില്‍ ഒരാളാണ് ഇവ കീലിങ്. ‘അല്പം ശുദ്ധവായു കിട്ടാനായാണ് ബാറിന് പുറത്തിറങ്ങിയത്. അപ്പോളാണ് എനിക്ക് ശരീരത്തിന്റെ നിയന്ത്രണം നഷ്ടമായത്. നടക്കാനോ സംസാരിക്കാനോ എന്തിന്, തല ഉയര്‍ത്താന്‍ പോലും കഴിഞ്ഞില്ല. എല്ലായിടത്തും ഞാന്‍ ഛര്‍ദ്ദിക്കുകയായിരുന്നു’- ഇവ വ്യക്തമാക്കി. ഫ്രാന്‍സിലെ ലിയോണില്‍ കഴിഞ്ഞ മാസം സൂചി ആക്രമണത്തിന് ഇരയായ നില്‍സ് മാര്‍സോള്‍ഫ് എന്ന 21-കാരനും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. ഒ’രു അജ്ഞാതന്‍ എനിക്ക് നേരേ വന്നതിന് പിന്നാലെ ഞാന്‍ പോക്കറ്റുകള്‍ തപ്പിനോക്കി. അപ്പോഴാണ് കൈയില്‍ ഒരു അടയാളം കണ്ടത്. തുടര്‍ന്ന് ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോഴാണ് സൂചി കൊണ്ട് കുത്തേറ്റ പാടാണെന്ന് തിരിച്ചറിഞ്ഞത്. അക്കാര്യം ഉള്‍ക്കൊള്ളാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടെന്നും ആ സംഭവത്തിന് ശേഷം നിശാക്ലബുകളില്‍ പോകുന്നത് ഞാന്‍ ഒഴിവാക്കിയി’- യുവാവ് വിശദീകരിച്ചു.
അതേസമയം, ഫുട്‌ബോള്‍ മത്സരത്തിനിടെയും പ്രൈഡ് ഫെസ്റ്റിവലിലും അടക്കം സൂചി ആക്രമണങ്ങള്‍ അരങ്ങേറിയെന്നാണ് ബെല്‍ജിയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നാണോ സൂചി ആക്രമണത്തിലൂടെ കുത്തിവെയ്ക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഫ്രാന്‍സിലെ പലയിടത്തും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ട്രാസ്‌ബേര്‍ഗില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത എട്ടുപേര്‍ക്ക് നേരെയാണ് അടുത്തിടെ സൂചി ആക്രമണമുണ്ടായത്. അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ മുന്നോട്ടുവരണമെന്നും വിവരം കൈമാറണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

