പി സി ജോർജിനും സ്വപ്നയ്ക്കും എതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവ്; കെ സുരേന്ദ്രൻ

സുൽത്താൻ ബത്തേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പി സി ജോർജിനും സ്വപ്നയ്ക്കും എതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ഉത്തര കൊറിയ അല്ലെന്നും മുഖ്യമന്ത്രി കിം ജോങ് ഉന്നാകാൻ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ കോടതിയിൽ രഹസ്യ മൊഴി കൊടുത്തതിന്റെ പേരിൽ പോലീസ് കേസെടുക്കുന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതാണ്. ജനാധിപത്യമില്ലായ്മയും നിയമവിരുദ്ധതയുമാണ് സർക്കാർ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോപണങ്ങൾക്ക് മറുപടി പറയാതെ പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കുകയല്ല വേണ്ടത്. കെടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നടപടി നിന്ദ്യമാണെന്നും അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ആളുകളെ ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന പിണറായി വിജയന്റെ വ്യാമോഹം കേരളത്തിൽ നടക്കില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.