പരിസ്ഥിതി ലോലമേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ പ്രക്ഷോഭത്തിലേക്കെന്ന് സീറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ‘ജനങ്ങളെ ഗൂഢവഴിയിലൂടെ കുടിയിറക്കാനുള്ള ശ്രമത്തെ സംഘടിതമായി നേരിടും. വിഷയം മതപരമല്ലെന്നും മലയോര ജനതയുടെ അതിജീവനത്തിന്റെ പ്രശ്നമാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയാനോ കോടതി വിധിയിലൂടെയുണ്ടാകുന്ന പ്രത്യാഘാതം ചര്‍ച്ച ചെയ്യാനോ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കര്‍ഷക പക്ഷത്ത് നിന്ന് ഈ വിവരങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കൃഷിഭൂമി കയ്യേറാന്‍ വരുന്നവരെ എതിര്‍ക്കാന്‍ കര്‍ഷകരെ അണിനിരത്തും’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ അനുകൂല നിലപാടിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇന്ന് വിഷയം ചര്‍ച്ച ചെയ്യാനും തുടര്‍ നടപടികള്‍ കൈക്കൊള്ളാനും വനംമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്കാന് പാടില്ലെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശം.
എന്നാല്‍, ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഇതോടെ കര്‍ഷകരടക്കം വലിയൊരു വിഭാഗം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

