പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ് രംഗത്ത്.
സ്വപ്‌നയുടെ വാക്കുകള്‍
‘ആരോപണങ്ങള്‍ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ല. ആരാണ് മുഖ്യമന്ത്രി എന്നത് എന്റെ വിഷയമല്ല. കമലയും വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ല. അവര്‍ സ്വസ്ഥമായി ജീവിക്കുന്നു. എനിക്ക് സരിതയെ അറിയില്ല, ഒരു കാര്യവുമില്ലാതെ എന്റെ പുറകെ നടക്കുകയാണ് സരിത. ഞാന്‍ എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടില്ല. ഞാന്‍ മാത്രമാണ് എല്ലാ പ്രയാസങ്ങളും നേരിടുന്നത്. ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഞാന്‍ പറയുന്നത് വ്യക്തികളെക്കുറിച്ചാണ്. പിണറായി വിജയന്‍, കമല, വീണ, ശിവശങ്കര്‍ എന്നിവരെക്കുറിച്ചാണ്. അവരുടെ പദവികളെക്കുറിച്ചാണ്. കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം എനിക്ക് ഭീഷണികള്‍ ഉണ്ട്. ഞാന്‍ ജോലി ചെയ്യുന്ന ഇടത്തും ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. ജീവിക്കാന്‍ അനുവദിക്കണം. ആരെയും അപകീര്‍ത്തിപ്പെടുത്താനല്ല ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ മാറ്റാനുമല്ല ഞാന്‍ പ്രതികരിച്ചത്. കറന്‍സി നിറഞ്ഞ ബാഗ് ആണ് കൊണ്ടുപോയത്. നേരത്തെ കൊടുത്ത മൊഴി. കസ്റ്റംസ് അന്വേഷിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അറിയുമല്ലോ. അന്വേഷണ എജന്‍സികളെക്കുറിച്ചും കോടതിയെക്കുറിച്ചും ഒന്നും പറയുന്നില്ല. കോടതി സമയം കളയാന്‍ വന്നിരിക്കും എന്ന് കരുതുന്നുണ്ടോ? കറന്‍സി – ബാഗ് മുഖ്യമന്തിയുടെ പക്കല്‍ എത്തി എന്ന് തന്നെ കരുതുന്നു. ജയിലിനകത്ത് വിവരങ്ങള്‍ അറിയിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. മാനസിക പീഡനം മൂലം ഹൃദയ സ്തംഭനം വന്നു. അത് നാടകം എന്ന് പറഞ്ഞു. അഹമ്മദ് അല്‍ ദുഃഖി – എന്ന ഡിപ്ളോമാറ്റ് ആണ് ബാഗ് കൊണ്ടുവന്നത്. 27 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണ് എച്ച്ആര്‍ഡിഎസ്. എന്റെ കഞ്ഞിയില്‍ പാറ്റയിടാന്‍ വരരുത്. എച്ച്ആര്‍ഡിഎസ് എന്നെ സ്ത്രീകള്‍ക്ക് വേണ്ടി ജോലി ചെയ്യാനാണ് നിയമിച്ചത്. സംഘപരിവാര്‍ എന്താണെന്ന് പോലും എനിക്കറിയില്ല. പലരും തന്നെ ചൂഷണം ചെയ്യുകയായിരുന്നു. നിവര്‍ത്തികേടുകൊണ്ടാണ് പല കാര്യങ്ങളും പറയാത്തത്. എന്നെ ജീവിക്കാന്‍ അനുവദിക്കണം. ജോലി ചെയ്ത് ജീവിക്കാന്‍ വിടണം. രഹസ്യമൊഴിയായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല. ഇപ്പോള്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. കേസില്‍ ശരിയായ അന്വേഷണം നടക്കണം. പി.സി ജോര്‍ജുമായി വ്യക്തിപരമായ ബന്ധമില്ല. സരിതയെ ജയിലില്‍ വച്ചാണ് കണ്ടത്. അവരോട് ഹലോ പോലും പറഞ്ഞിട്ടില്ല. എന്റെ കാര്യം പറഞ്ഞിട്ടുള്ള സംസാരം ഇന്നലെ പുറത്ത് വിട്ടത് കണ്ടു. അത് എന്താണെന്ന് എനിക്കറിയില്ല. അതല്ലേ അജണ്ട? പി.സി ജോര്‍ജിന് എന്തോ എഴുതിക്കൊടുത്തുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. അത് എന്താണെന്ന് അദ്ദേഹം തന്നെ പുറത്തുവിടട്ടെ. സരിതയെ പോലുള്ള ആളല്ല ഞാന്‍. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ സഹായം ആവശ്യപ്പെട്ട് അമ്മയെ ബന്ധപ്പെട്ടിരുന്നു. അക്കാര്യങ്ങളൊന്നും ഞാന്‍ മൈന്‍ഡ് ചെയ്തിട്ടില്ല. എന്നെ രാജ്യദ്രോഹിയാക്കി, ജയിലില്‍ നിന്ന് മാനസികമായി പീഡിപ്പിച്ചു. നാല് കേസുകള്‍ ഇപ്പോള്‍ എന്റെ പേരിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ മുമ്‌ബേ പറഞ്ഞിട്ടുണ്ട്. ഇപ്പോളും പറഞ്ഞിട്ടുണ്ട്. കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കണമെന്ന് മാത്രമാണ് ആഗ്രഹം. ഇപ്പോള്‍ പെട്ടെന്ന് പുറത്തുവന്ന് പറഞ്ഞതല്ല കാര്യങ്ങള്‍. പറയേണ്ട സമയമായപ്പോള്‍ പറഞ്ഞതാണ്. ഇനിയും പറയുകയും ചെയ്യും’- സ്വപ്ന വ്യക്തമാക്കി.

