കോവിഡ് നെഗറ്റീവായില്ല; ചോദ്യം ചെയ്യലിനായി സോണിയാ ഗാന്ധി ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ബുധനാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കില്ലെന്ന് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് സോണിയാ ഗാന്ധിയെ വിളിപ്പിച്ചത്. കോവിഡ് വൈറസ് സ്ഥിരീകരിച്ച് ഐസൊലേഷനിൽ കഴിയുന്നതിനാൽ സോണിയ ചോദ്യംചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതിൽ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതിയാണ് എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുബ്രഹ്മണ്യ സ്വാമിയാണ് പരാതി നൽകിയത്.

അഴിമതിയും സാമ്പത്തിക തിരിമറിയുമുണ്ടെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. 1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവർ സ്വന്തമാക്കിയെതെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. അതേസമയം, 2015 ൽ കേസ് ഇഡി അവസാനിപ്പിച്ചതാണെന്നും പുതിയ ഉദ്യോഗസ്ഥരെ ഇറക്കി സമ്മർദ്ദത്തിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.