ഇന്ത്യയുടെ ആദ്യത്തെ ദ്രാവക സ്ഫടിക ദൂരദർശിനി കമ്മിഷൻ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ദ്രാവക സ്ഫടിക ദൂരദർശിനി (ഇന്ത്യൻ ലിക്വിഡ് മിറർ ടെലിസ്‌കോപ്) കമ്മിഷൻ ചെയ്തു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലിക്വിഡ് ടെലിസ്‌കോപ്പാണിത്. ആകാശത്തിലെ ക്ഷണികമായ പ്രതിഭാസങ്ങളെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ നിരീക്ഷിക്കുന്നതിന് ഈ ദൂരദർശിനി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബെൽജിയം സെന്റർ സ്‌പേഷ്യൽ ഡി ലീജും അഡ്വാൻസ്ഡ് മെക്കാനിക്കൽ ആൻഡ് ഒപ്ടിക്കൽ സിസ്റ്റംസ് കോർപ്പറേഷനും ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്. സൂപ്പർനോവകൾ, ഗുരുത്വാകർഷണ ലെൻസുകൾ, ബഹിരാകാശ അവശിഷ്ടങ്ങൾ, ഛിന്നഗ്രഹങ്ങൾ തുടങ്ങിയ ക്ഷണികവും വേഗത്തിൽ സഞ്ചരിക്കുന്നതുമായ വസ്തുക്കളെയാണ് ഇത് പ്രധാനമായും നിരീക്ഷിക്കുന്നത്. ഇന്ത്യ, ബെൽജിയം, കാനഡ എന്നീ രാജ്യങ്ങിൽ നിന്നുള്ള ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞരാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.

ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ആര്യഭട്ട റിസർച്ച് ഇൻസിറ്റിറ്റിയൂട്ട് ഓഫ് ഒബ്‌സർവേഷണൽ സയൻസസിന്റെ (എ ആർ ഐ ഇ എസ്) ദേവ്സ്ഥൽ ഒബ്‌സർവേറ്ററി ക്യാമ്പസിലാണ് ഇത് സ്ഥാപിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2450 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥാപിക്കുന്നത്.

അടുത്ത അഞ്ച് വർഷം ഇത് പുർണതോതിൽ പ്രവർത്തിക്കും. എന്നാൽ ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജുലായ്, ഓഗസ്റ്റ് മാസങ്ങളിൽ ടെലിസ്‌കോപ്പ് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചത്.