നീണ്ടകര ഹാര്‍ബറില്‍ മിന്നല്‍ പരിശോധന; 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

കൊല്ലം: ഭക്ഷ്യസുരക്ഷ വിഭാഗം നീണ്ടകര ഹാര്‍ബറില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മത്സ്യ ബന്ധന ബോട്ടിലെ സ്റ്റോറില്‍ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഹാര്‍ബര്‍ വഴി പഴകിയ മീന്‍ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത മത്സ്യം കുഴിച്ചു മൂടുകയും മീനിലെ രാസവസ്തു സാന്നിധ്യം കണ്ടെത്താന്‍ സാമ്പിളുകള്‍ കൊച്ചിയിലെ ലാബിലേക്കയക്കുകയും ചെയ്തു.

അതേസമയം, കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിക്കാത്തത് കുടുംബത്തെ ബുദ്ധിമുട്ടിലാക്കുകയാണ്. ഭര്‍ത്താവിനെ നഷ്ടപ്പെട്ട് മൂന്ന് മാസം കഴിയും മുന്നേ മകളെയും നഷ്ടപ്പെട്ട ദേവനന്ദയുടെ അമ്മ സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തങ്ങള്‍ക്ക് സംഭവിച്ച ദുരന്തം ഇനിയൊരാള്‍ക്കും സംഭവിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.