ആപ്പുകള്‍ വഴി പണി കിട്ടിയ കമ്പനികള്‍

മുംബൈ: ഉപോഭോക്താക്കള്‍ക്ക് ആപ്പുകള്‍ വഴി വായ്പകള്‍ നല്‍കിയിരുന്ന അഞ്ച് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി റിസര്‍വ് ബാങ്ക്. ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതാണ് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള പ്രധാന കാരണം. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയുള്ള ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, വായ്പാ തുക തിരികെ ലഭിക്കാനായി അന്യായമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും വലിയ പലിശ ഈടാക്കുകയും ചെയ്തതോടെയാണ് ആര്‍ബിഐ ഇത്തരത്തിലൊരു നടപടിയെടുത്തത്.

കൊവിഡ്-19 പകര്‍ച്ചവ്യാധി സമയത്ത് ഈ ധനകാര്യ സ്ഥാപങ്ങളുടെ മൊബൈല്‍ ആപ്പുകള്‍ വഴി എളുപ്പത്തില്‍ വായ്പ ലഭിച്ചവര്‍ക്ക് പിന്നീട് കൃത്യസമയത്ത് തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നു. വായ്പ തുക തിരിച്ചു കിട്ടാനായി ഈ എന്‍ബിഎഫ്‌സികള്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിക്കുകയും ഇതിനെ തുടര്‍ന്ന് രാജ്യത്തുടനീളം ഒന്നിലധികം ആത്മഹത്യകള്‍ ഉണ്ടായെന്നുമാണ് ആരോപണം. ഈ കമ്ബനികള്‍ അമിത പലിശ ഈടാക്കുന്നുണ്ടെന്നും വായ്പ തുക തിരികെ ലഭിക്കാനായി ഉപഭോക്താക്കളെ അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും ആര്‍ബിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

യുഎംബി സെക്യൂരിറ്റീസ് ലിമിറ്റഡ്, അനശ്രീ ഫിന്‍വെസ്റ്റ് ലിമിറ്റഡ്, ഛദ്ദ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അലക്സി ട്രാക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ജൂറിയ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാങ്കിതര വായ്പാ ദാതാക്കളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് ആര്‍ബിഐ റദ്ദാക്കിയത്.