തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരുന്നതിന്റെ ഭാഗമായി സ്വര്‍ണകടത്ത് കേസ് പ്രതികളെ ചോദ്യം ചെയ്യും.
കേസില്‍ സിബിഐ അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തുന്നതിനാല്‍ സിബിഐയുടെ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതി കേസില്‍ അന്ന് ഉത്തരവിട്ടത്.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും, അന്വേഷണം തുടരുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതിയും അറിയിച്ചതോടെയാണ് സിബിഐ അന്വേഷണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കേസിലെ പ്രതി സരിത്തിന് ഇന്ന് തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കമുള്ളവരെയും പിന്നാലെ ചോദ്യം ചെയ്യും.

