ക്വാഡ് ഉച്ചകോടി; ജപ്പാൻ അതിർത്തിയിൽ യുദ്ധവിമാനം പറത്തി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച് റഷ്യയും ചൈനയും

ടോക്കിയോ: ജപ്പാൻ അതിർത്തിയിൽ യുദ്ധവിമാനം പറത്തി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച് റഷ്യയും ചൈനയും. ക്വാഡ് ഉച്ചകോടിയ്ക്കിടെയായിരുന്നു ചൈനയുടെയും റഷ്യയുടെയും പ്രകോപനം. ജപ്പാൻ പ്രതിരോധ മന്ത്രി നൊബുവോ കിഷി സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

മേഖലാ സുരക്ഷയെക്കുറിച്ച് ക്വാഡ് രാജ്യത്തലവന്മാർ ചർച്ച ചെയ്യുമ്പോഴായിരുന്നു പ്രകോപനപരമായ നീക്കം നടന്നത്. ജപ്പാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചില്ലെങ്കിലും ഇരു രാജ്യങ്ങളുടെയും നടപടിയിൽ ജപ്പാൻ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം നവംബർ മാസത്തിന് ശേഷം ഇത് നാലാം തവണയാണ് റഷ്യയും ചൈനയും ജപ്പാന്റെ അതിർത്തിയിൽ വ്യോമ അഭ്യാസം നടത്തുന്നത്.

രണ്ട് ചൈനീസ് ബോംബർ വിമാനങ്ങളും രണ്ട് റഷ്യൻ ബോംബർ വിമാനങ്ങളുമാണ് കിഴക്കൻ ചൈന കടലിൽ എത്തിയത്. ഇതിന് ശേഷം രണ്ട് ചൈനീസ് യുദ്ധവിമാനങ്ങൾകൂടി എത്തി. പ്രദേശത്തെ തൽസ്ഥിതി തകർക്കാൻ ചില രാജ്യങ്ങൾ മനപൂർവം ശ്രമിക്കുകയാണെന്ന് സംഭവത്തെ കുറിച്ച് ക്വാഡ് സഖ്യം പ്രതികരിച്ചു. അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സഖ്യമാണ് ക്വാഡ്.