‘യുഡിഎഫ് കാലത്ത് പാലം തകര്‍ന്നാല്‍ ഉത്തരവാദി മന്ത്രിയും, എല്‍ഡിഎഫ് കാലത്ത് ഹൈഡ്രോളിക് ജാക്കിയും’; പരിഹസിച്ച് കെ. മുരളീധരന്‍

കൊച്ചി: യു.ഡി.എഫ് കാലത്ത് പാലം തകര്‍ന്നാല്‍ മന്ത്രിയും എല്‍.ഡി.എഫ് കാലത്ത് തകര്‍ന്നാല്‍ ഹൈഡ്രോളിക് ജാക്കിയുമാണ് കുറ്റക്കാരനെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കൂളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് തകര്‍ന്നിരുന്നതെങ്കില്‍ അത് പഞ്ചവടിപ്പാലമായി മാറുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

‘കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പരാമര്‍ശം പിന്‍വലിച്ചിട്ടും കേസ് എടുത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സമാനരീതിയില്‍ അധിക്ഷേപം നടത്തിയ എം.വി. ജയരാജനെതിരേ കേസില്ല. തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യരുതെന്ന ഗൂഢലക്ഷ്യമാണ് സി.പി.എമ്മിനുള്ളത്. വികസനം ചര്‍ച്ച ചെയ്താല്‍ സി.പി.എമ്മിന്റെ പൊള്ളത്തരം പുറത്തുവരും. കെ-റെയില്‍ നടപ്പാക്കുമെന്ന് പറയുമ്പോള്‍ കെ.എസ്.ആര്‍ടി.സി. പൂട്ടലിന്റെ വക്കിലാണ്. മന്ത്രിമാര്‍ ജാതിതിരിച്ച് വോട്ട് ചോദിക്കുന്നത് കേരളത്തില്‍ ആദ്യമാണ്. ഭ്രാന്ത് പിടിച്ച പോലെയാണ് പല എല്‍.ഡി.എഫ് നേതാക്കളുടെയും പെരുമാറ്റം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു ഘട്ടത്തിലും യു.ഡി.എഫ്. ഇടപെട്ടിട്ടില്ല. അതിജീവിത പരാതി പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കുമെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. സര്‍ക്കാരിനെ 31-ന് ജനം തൃക്കാക്കരയില്‍ ജനകീയ കോടതിയില്‍ വിചാരണ ചെയ്യും’- മുരളീധരന്‍ പറഞ്ഞു.