മഴ തുടരുന്നു; കൊച്ചി വീണ്ടും വെള്ളത്തില്‍; 5 ജില്ലകളില്‍ മഴ മുന്നറിയിപ്പ്‌

കൊച്ചി: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. കൊച്ചിയില്‍ രാത്രി മുതല്‍ ഇടവിട്ട് പെയ്ത മഴ കാരണം വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ഡ്രെയിനേജ് പ്രശ്‌നം പരിഹരിക്കാത്തതാണ് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ആലുവയിലും കൊച്ചി നഗരത്തിലും പല പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ പരിഹാരമുണ്ടാക്കാമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും വെള്ളം കയറിയിരിക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഇന്ന് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം, കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായിട്ടുണ്ട്. വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.