ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ അതൃപ്തി അറിയിച്ച് ഇന്ത്യ. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണ കണക്കിലാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. ജനീവയിലെ ലോക ആരോഗ്യ അസംബ്ലിയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയുടെ നടപടി നിരാശപ്പെടുത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. വിവരം ശേഖരിച്ച രീതിയിലും ഉറവിടത്തെ കുറിച്ചും സുതാര്യത വേണമായിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നരക്കോടിയോളം പേർ ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. നിലവിൽ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്. വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. 47 ലക്ഷം പേരാണ് ഇന്ത്യയിൽ മാത്രം മരിച്ചത്.
സർക്കാർ കണക്കിനേക്കാൾ ഒൻപത് മടങ്ങ് അധികമാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. കണക്കുകൾ പ്രകാരം ഈജിപ്തിൽ ആണ് മരണസംഖ്യയിലെ വ്യതിയാനം ഏറ്റവും കൂടുതലുള്ളത്.

