നടിയെ ആക്രമിച്ച കേസ്: നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കോടതി നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അഭിഭാഷകയായ അഡ്വ. പി.വി മിനി മുഖേനെ നടി ആവശ്യപ്പെട്ടത് പ്രകാരം ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറുകയായിരുന്നു. ഇനി മറ്റൊരു ബെഞ്ച് ഈ കേസ് പരിഗണിക്കും.

അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്ന് കാണിച്ച് വിചാരണക്കോടതി ജഡ്ജിക്കെതിരേ നടി നേരത്തെ രംഗത്തുവന്നിരുന്നു. കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റംവന്നതായി ഫൊറന്‍സിക് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടും, വിചാരണക്കോടതി ജഡ്ജി ഒരു അന്വേഷണവും നടത്താത്ത സാഹചര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ തുടരന്വേഷണം ശരിയായവിധം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് മേയ് 31-നകം നല്‍കാന്‍ അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് ഹര്‍ജി.