ആദിവാസി വിഭാഗത്തിലെ 100 യുവതീ യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി നിയമിക്കും: മന്ത്രി എം.വി ഗോവിന്ദന്‍

കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ പെട്ട 100 യുവതീ യുവാക്കളെ എക്സൈസ് സിവില്‍ ഓഫീസര്‍മായി സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. എക്സൈസ് അക്കാദമിയില്‍ 180 പ്രവൃത്തി ദിവസത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാമത് ബാച്ച്, 126 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും 25ാമത്തെ ബാച്ചിലെ 7 സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് എക്സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെ ഒഴുക്ക് വര്‍ദ്ധിച്ചു വരുന്നത് യുവജനതയെ ഉള്‍പ്പെടെ ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ്. കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന വകുപ്പുകളില്‍ ഒന്നായി എക്സൈസ് മാറിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എക്സൈസ് സിവില്‍ ഓഫീസര്‍മാരായി പുറത്തിറങ്ങുന്നത്. അതിനാല്‍ അവര്‍ക്ക് എക്സൈസ് വകുപ്പിനെ നവീകരിക്കാനുള്ള കഴിവും ശേഷിയുമുണ്ട്. ആത്മാര്‍പ്പണത്തോടെ ഒരു വിഭാഗം എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോകുന്നു എന്നതില്‍ അഭിമാനമുണ്ട്‌. എന്നാല്‍ ചില ആളുകള്‍ പുഴുക്കുത്ത് പോലെ അഴിമതി നടത്തുന്നു. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കും. തെറ്റായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ല- മന്ത്രി വ്യക്തമാക്കി.