ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രസർക്കാരിന് മാത്രം; നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: ഇന്ധന വില കുറഞ്ഞതിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രസർക്കാരിനു മാത്രമാണെന്ന് നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് പങ്ക് ലഭിക്കുന്ന അടിസ്ഥാന എക്‌സൈസ് നികുതിയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും ധനമന്ത്രി വിശദമാക്കി.

നികുതി കുറച്ചതിലൂടെ കേന്ദ്രസർക്കാരിന് പ്രതിവർഷം ഒരുലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകും. 2021 ൽ എക്‌സൈസ് നികുതി കുറച്ചപ്പോൾ കേന്ദ്ര സർക്കാരിന് 1,20,000 കോടിയുടെ നഷ്ടമുണ്ടായി. ഇതോടൊപ്പം ഈ വർഷം എക്‌സൈസ് നികുതി കുറച്ചതിലൂടെ ആകെ 2,20,000 കോടി രൂപ കേന്ദ്രത്തിന് നഷ്ടമായെന്നും നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ആകെ വികസന ചെലവ് 90.9 ലക്ഷം കോടിയാണെന്നാണ് 2014-22 വരെയുള്ള ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നത്. 2004-14 കാലയളവിൽ വികസനത്തിനായി നീക്കിവച്ച തുക 49.2 കോടി മാത്രമായിരുന്നുവെന്നും ധനമന്ത്രി വിശദമാക്കി.