ധൂർത്ത് മൂലം കടക്കെണിയിലായ കേരളത്തിന് സ്വന്തമായി ഒരു രൂപ പോലും കുറയ്ക്കാനാവുന്നില്ല; വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇന്ധനവില വിഷയത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രസ്താവനയെ വിമർശിച്ചാണ് വി മുരളീധരൻ രംഗത്തെത്തിയത്. കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ധനവിലയിലുണ്ടായ മാറ്റം സ്വാഭാവികമായ കുറവല്ലെന്നും അത് സംസ്ഥാനം കുറച്ചതാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും ധൂർത്ത് മൂലം കടക്കെണിയിലായ കേരളത്തിന് സ്വന്തമായി ഒരു രൂപ പോലും കുറയ്ക്കാനാവുന്നില്ലെന്ന് വി മുരളീധരൻ അറിയിച്ചു.

കേരളം കുറച്ച കണക്ക് ധനമന്ത്രി വിശദീകരിക്കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധൂർത്ത് മൂലം കടക്കെണിയിലായ സംസ്ഥാനത്തിന് സ്വന്തമായി ഒരു രൂപ കുറയ്ക്കാനാവുന്നില്ല എന്നതാണ് വസ്തുത. കേന്ദ്രം നികുതി കുറച്ചതോടെ ആനുപാതികമായി വിലയിൽ വരുന്ന കുറവിനെ സ്വന്തം സംഭാവനയായി അവതരിപ്പിക്കാൻ കേരളധനമന്ത്രി കെ.എൻ ബാലഗോപാലിന് കുറച്ചൊന്നുമല്ല തൊലിക്കട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, കേന്ദ്ര സർക്കാരിനെ വി മുരളീധരൻ പ്രശംസിക്കുകയും ചെയ്തു. ഇന്ധനനികുതിയിൽ വൻ കുറവ് വരുത്തിയതിലൂടെ ജനപക്ഷസർക്കാരെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. ഇന്ധനവിലയിൽ മാത്രമല്ല കുറവു വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെ നികുതി വരുമാനത്തിൽ ഒരു ലക്ഷം കോടിയുടെ കുറവ് ഈ തീരുമാനം മൂലം ഉണ്ടാവുമെങ്കിലും വിലക്കയറ്റം മൂലം സാധാരണക്കാരനുള്ള പ്രയാസത്തോട് മുഖം തിരിക്കാനാവില്ല എന്നാണ് ബഹു.പ്രധാനമന്ത്രിയുടെ നിലപാട്.

പാചകവാതക സബ്‌സിഡി പുനസ്ഥാപിക്കാനുള്ള തീരുമാനം 200 രൂപയുടെ കുറവാണ് ഉജ്വല ഗുണഭോക്താക്കൾക്ക് നൽകുന്നത്. 6100 കോടിയുടെ അധിക ബാധ്യതയാണ് ഈ തീരുമാനം കേന്ദ്രസർക്കാരിന് നൽകുന്നതെന്ന് മറക്കരുത്. ഇരുമ്പ്, സ്റ്റീൽ , പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് നികുതിയിൽ വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട വ്യവസായമേഖലയ്ക്ക് പുത്തൻ ഉണർവേകുന്നതാണ് ഈ തീരുമാനമെന്നതിൽ സംശയമില്ല. സിമന്റിന്റെയും ലഭ്യത കൂട്ടാനും വില കുറയ്ക്കാനുമുള്ള തീരുമാനവും ബഹു.ധനമന്ത്രി ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയും യുദ്ധവും സൃഷ്ടിച്ച കെടുതികൾ ലോകത്തെയാകെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്ന സമയത്താണ് നരേന്ദ്രമോദി സർക്കാർ വിപ്ലവകരമായ തീരുമാനമെടുക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ബാലഗോപാലിന്റെ വിലയിടിവ് !

ഇന്ധനനികുതിയിൽ വൻ കുറവ് വരുത്തിയതിലൂടെ ജനപക്ഷസർക്കാരെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ.
സർക്കാരിന്റെ നികുതി വരുമാനത്തിൽ ഒരു ലക്ഷം കോടിയുടെ കുറവ് ഈ തീരുമാനം മൂലം ഉണ്ടാവുമെങ്കിലും വിലക്കയറ്റം മൂലം സാധാരണക്കാരനുള്ള പ്രയാസത്തോട് മുഖം തിരിക്കാനാവില്ല എന്നാണ് ബഹു.പ്രധാനമന്ത്രിയുടെ നിലപാട്.

പാചകവാതക സബ്‌സിഡി പുനസ്ഥാപിക്കാനുള്ള തീരുമാനം 200 രൂപയുടെ കുറവാണ് ഉജ്വല ഗുണഭോക്താക്കൾക്ക് നൽകുന്നത്.
6100 കോടിയുടെ അധിക ബാധ്യതയാണ് ഈ തീരുമാനം കേന്ദ്രസർക്കാരിന് നൽകുന്നതെന്ന് മറക്കരുത്.
കേന്ദ്രം നികുതി കുറച്ചതോടെ ആനുപാതികമായി വിലയിൽ വരുന്ന കുറവിനെ സ്വന്തം സംഭാവനയായി അവതരിപ്പിക്കാൻ കേരളധനമന്ത്രി കെ.എൻ ബാലഗോപാലിന് കുറച്ചൊന്നുമല്ല തൊലിക്കട്ടി !
‘ബാലഗോപാലന്റ കുസൃതികൾ’ മോദി സർക്കാരിനോട് വേണ്ട !

കേരളം ‘ കുറച്ച ‘ കണക്ക് ധനമന്ത്രി വിശദീകരിക്കട്ടെ.
ധൂർത്ത് മൂലം കടക്കെണിയിലായ സംസ്ഥാനത്തിന് സ്വന്തമായി ഒരു രൂപ കുറയ്ക്കാനാവുന്നില്ല എന്നതാണ് വസ്തുത.
ഇന്ധനവിലയിൽ മാത്രമല്ല കുറവു വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇരുമ്പ്, സ്റ്റീൽ , പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് നികുതിയിൽ വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചെറുകിട വ്യവസായമേഖലയ്ക്ക് പുത്തൻ ഉണർവേകുന്നതാണ് ഈ തീരുമാനമെന്നതിൽ സംശയമില്ല.

സിമന്റിന്റെയും ലഭ്യത കൂട്ടാനും വില കുറയ്ക്കാനുമുള്ള തീരുമാനവും ബഹു.ധനമന്ത്രി ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാമാരിയും യുദ്ധവും സൃഷ്ടിച്ച കെടുതികൾ ലോകത്തെയാകെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്ന സമയത്താണ് നരേന്ദ്രമോദി സർക്കാർ വിപ്ലവകരമായ തീരുമാനമെടുക്കുന്നത്.

സഹകരണാത്മ ഫെഡറലിസത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ സംസ്ഥാനസർക്കാരുകളും നികുതി കുറച്ച് ജനങ്ങൾക്കൊപ്പം ,രാജ്യത്തിനൊപ്പം നിൽക്കാൻ തയാറാവണം.