അറ്റകുറ്റപ്പണികള്‍ നടത്താതെ കട്ടപ്പുറത്തായ ജന്റം ബസുകള്‍ ആക്രിവിലക്ക് വില്‍ക്കാനൊരുങ്ങുന്നു

കൊച്ചി: സംസ്ഥാനത്ത് അറ്റകുറ്റപ്പണികള്‍ നടത്താതെ കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനം. ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജവോള്‍വോ ബസുകളാണ് ആദ്യം വില്‍ക്കാനൊരുങ്ങുന്നത്.

രണ്ടു വര്‍ഷമായി ഓടാതെ തേവര യാര്‍ഡില്‍ ഇട്ടിരിക്കുന്ന 28 ബസുകള്‍ കെഎസ്ആര്‍ടിസി എന്‍ജിനീയര്‍മാര്‍, മോട്ടോര്‍വാഹന വകുപ്പ്, തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജിലെ അധ്യാപകര്‍ എന്നിവര്‍ അടങ്ങുന്ന സമിതി പരിശോധിച്ചിരുന്നു. ഇവ പൊളിച്ച് നന്നാക്കണമെങ്കില്‍ ചുരുങ്ങിയത് 45 ലക്ഷം രൂപ വരെ ചെലവാകും. വീണ്ടും അത് അധിക ബാധ്യതയാണെന്ന കണക്ക് കൂട്ടലിലാണ് പരിശോധനയ്ക്കുശേഷം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതോടെ സര്‍ക്കാരിന് കോടികളാണ് നഷ്ടം. കൊച്ചി നഗരത്തിലിറക്കിയ ജന്റം ബസുകളുടെ മേല്‍നോട്ടച്ചുമതല നഗരസഭക്ക് പകരം സര്‍ക്കാര്‍ അത് കെഎസ്ആര്‍ടിസിക്ക് നല്‍കുകയായിരുന്നു.

അതേസമയം, ലഭിക്കുന്ന വരുമാനം ബസുകളുടെ ചെലവിന് പോലും തികയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. യാത്ര സുഖകരമല്ലാത്തതിനാല്‍ ജനങ്ങളും ഇതിനെ കൈയൊഴിഞ്ഞ അവസ്ഥയാണ്.