അസമിനേയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിച്ച് തുരങ്കപാത; ചൈനയെ ഞെട്ടിച്ച് ഇന്ത്യയുടെ നീക്കം

ന്യൂഡല്‍ഹി: അസമിനേയും അരുണാചല്‍ പ്രദേശിനേയും ബന്ധിപ്പിച്ച് ബ്രഹ്മപുത്ര നദിക്കടിയിലൂടെ റോഡ്-റെയില്‍ പാത നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. വെള്ളത്തിനടിയിലൂടെ രാജ്യത്ത് ആദ്യമായി നിര്‍മ്മിക്കുന്ന പാതയ്ക്ക് ഏകദേശം 7000 കോടിയോളം വരും.

മൂന്ന് തുരങ്ക പാതകളാകും നിര്‍മ്മിക്കുക. റോഡ് ഗതാഗതത്തിനും, റെയില്‍ ഗതാഗതത്തിനും പുറമെ മൂന്നാമത്തെ പാത അടിയന്തര സേവനങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക. മൂന്ന് പാതകളേയും ബന്ധിപ്പിക്കുന്ന പ്രത്യേക ഇടനാഴികളും നിര്‍മ്മിക്കും. ബോഡര്‍ റോഡ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര റെയില്‍വേ, ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

അസമിലെ തെസ്പൂരില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലത്തു വരെയാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്. 9.8 കിലോമീറ്റര്‍ നീളുന്ന പാത നദിയുടെ അടിത്തട്ടില്‍ നിന്നും 20 മുതല്‍ 30 മീറ്റര്‍ അടിയിലൂടെയായിരിക്കും നിര്‍മ്മിക്കുക. അരുണാചല്‍ പ്രദേശിലെ ചൈനയുടെ വെല്ലുവിളി മറികടക്കുകയാണ് പാത നിര്‍മ്മാണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.