ചെസ്: കാള്‍സനെ അട്ടിമറിച്ച്‌ പ്രജ്ഞാനന്ദ

ന്യൂഡല്‍ഹി: ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ രണ്ടാം തവണയും അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ. ഇത്തവണ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ അഞ്ചാം റൗണ്ട് മത്സരത്തിലാണ് പ്രജ്ഞാനന്ദ ലോക ചാമ്പ്യനെ തറപറ്റിച്ചത്.

ഈ വര്‍ഷം രണ്ട് തവണയായി കാള്‍സനെ പ്രജ്ഞാനന്ദ തറപറ്റിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിലാണ് പ്രജ്ഞാനന്ദ കാള്‍സനെ ആദ്യം തോല്‍പിക്കുന്നത്. ടൂര്‍ണമെന്റിന്റെ അഞ്ചാം റൗണ്ട് മത്സരം സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ 40-ാം നീക്കത്തില്‍ സംഭവിച്ച ബുദ്ധിമോശമാണ് കാള്‍സന് തിരിച്ചടിയായത്.

ജയത്തോടെ 12 പോയന്റുള്ള പ്രജ്ഞാനന്ദ ടൂര്‍ണെമെന്റിന്റെ നോക്കൗട്ട് റൗണ്ടിലെത്താനുള്ള സാധ്യത വര്‍ധിച്ചു. ചൈനയുടെ വെയ്യിയാണ് നിലവില്‍ ഒന്നാമത്. കള്‍സന്‍ രണ്ടാം സ്ഥാനത്തുണ്ട്. 16 താരങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററായ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ താരം അഭിമന്യു മിശ്രയും പങ്കെടുക്കുന്നുണ്ട്.