ആപ്പുമായി സിപിഎം കൈക്കോര്‍ക്കുമോ?

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിരുദ്ധ മൂന്നാം മുന്നണിക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടിയുമായി സഹകരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ പ്രസ്താവന ശ്രദ്ധേയമായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കുമെന്നുമുള്ള വൃന്ദ കാരാട്ടിന്റെ പ്രസ്താവനയും ഉപതിരഞ്ഞെടുപ്പിലെ സഖ്യത്തിനുള്ള മുന്നോടിയായി വിലയിരുത്തപ്പെടുന്നു. ഇതിനായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായതായി സൂചനയുണ്ട്.

ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി നിര്‍ണായക പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് സിപിഎം നിലപാടില്‍ മാറ്റം വരുത്തിയത്. എന്നാല്‍, 2012ല്‍ രൂപമെടുത്ത ആംആദ്മി പാര്‍ട്ടിയുടെ നയ സമീപനങ്ങളോടും അജന്‍ഡകളോടും സിപിഎമ്മിന് നേരത്തെ യോജിപ്പുണ്ടായിരുന്നില്ല. ആപ്പിന് ആശയങ്ങളുടേയോ നയങ്ങളുടേയോ അടിത്തറയില്ലെന്നായിരുന്നു സി പി എമ്മിന്റെ എക്കാലത്തേയും വിമര്‍ശനം. 2018 ഏപ്രിലില്‍ പിണറായി-കെജ്രിവാള്‍ കൂടിക്കാഴ്ച്ച നടന്നുവെങ്കിലും നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങളൊന്നും ഉണ്ടായില്ല.

അതേസമയം, വരാനിരിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആംആദ്മിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പറഞ്ഞിരുന്നു. ആംആദ്മി -ട്വന്റി-20 സഖ്യം നിലനിന്നതിനാല്‍ രാഷ്ട്രീയമായി പ്രതികരിക്കാന്‍ ആപ്പിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ തയ്യാറായിരുന്നില്ല. കേരളത്തില്‍ ആം ആദ്മി ഒരു വ്യാപാര കമ്ബനിയുമായുണ്ടാക്കിയ സഖ്യം ആശാസ്യമല്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് സിപിഎമ്മിന്റെ നില ഭദ്രമാണെങ്കിലും ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ കുറിച്ചുള്ള ബോധ്യം ആംആദ്മി നേതൃത്വത്തിനുണ്ട്. തൃക്കാക്കരയില്‍ ട്വന്റി ട്വന്റി- ആപ്പ് സഖ്യത്തിന്റെ പിന്തുണക്കായി സി പി എം എല്ലാ തന്ത്രങ്ങളും പയറ്റുന്നുണ്ട്.