ഇന്ധനവില; കേന്ദ്രവിലക്ക് ആനുപാതികമായി കേരളത്തിലും കുറയും

ന്യൂഡല്‍ഹി: ഇന്ധനത്തിനുള്ള എക്‌സൈസ് തീരുവയില്‍ പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറുരൂപയും കുറച്ച് കേന്ദ്രം. കേരളം നികുതി കുറച്ചിട്ടില്ല. എന്നാല്‍, കേന്ദ്രവിലയ്ക്ക് ആനുപാതികമായി കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറഞ്ഞു. കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

അതേസമയം, പ്രധാനമന്ത്രി ഉജ്വല യോജനപ്രകാരം പാചക വാതക കണക്ഷന്‍ എടുത്തവര്‍ക്ക് മാത്രം സിലിണ്ടറിന് 200 രൂപ സബ്‌സിഡി ലഭിക്കും. വര്‍ഷം 12 സിലിണ്ടറുകള്‍ക്കാണ് ഇതു ബാധകം. അധിക സിലിണ്ടറിന് വിപണിവില നല്‍കണം. കേരളത്തില്‍ 1.35 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. സിലിണ്ടര്‍ വാങ്ങുമ്‌ബോള്‍ വിപണി വില നല്‍കണം. 200 രൂപ സബ്‌സിഡി പിന്നീട് ബാങ്ക് അക്കൗണ്ടില്‍ കേന്ദ്രം ലഭ്യമാക്കും. സിലിണ്ടര്‍വില 589 രൂപയായി കുറഞ്ഞ പശ്ചാത്തലത്തില്‍ 2020 മെയിലാണ് കേന്ദ്രം എല്‍.പി.ജി സബ്‌സിഡി നിര്‍ത്തലാക്കിയത്.

പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുറച്ചതിലൂടെ കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം ഒരു ലക്ഷം കോടിരൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. പ്‌ളാസ്റ്റിക്, സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറച്ചു. ചില സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി ചുങ്കം ചുമത്താനും തീരുമാനിച്ചു. സിമന്റ് ക്ഷാമം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.