ഇന്ത്യയിലുള്ളത് സമാധാനപൂർണ്ണമായ സാഹചര്യമല്ല; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ലണ്ടൻ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി ഭരണം രാജ്യത്തിന്റെ ഭരണഘടനയെ തകിടംമറിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംതൃപ്തവും സമാധാനപൂർണവുമായ ഒരു സാഹചര്യമല്ല ഇന്ത്യയിൽ നിലവിലുള്ളതെന്നും രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു. ബ്രിട്ടണിൽ നടക്കുന്ന ‘ഐഡിയാസ് ഫോർ ഇന്ത്യ’ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സംസ്ഥാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണ്. ഭരണപക്ഷം രാജ്യമൊട്ടാകെ മണ്ണെണ്ണ തളിച്ചിരിക്കുകയാണ്. ഒരൊറ്റ തീപ്പൊരി കൊണ്ട് പ്രശ്നങ്ങൾ ആളിക്കത്തും. ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ രണ്ട് തരത്തിലുള്ള ഭരണകൂടമാണുള്ളത്-ഒന്ന് ജനങ്ങളെ നിശബ്ദരാക്കുന്നതും മറ്റേത് ജനങ്ങളെ മനസ്സിലാക്കുന്നതും. ജനങ്ങൾക്ക് പറയാനുള്ളതു കൂടി കേൾക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് നമ്മുടെ പ്രധാനമന്ത്രിയ്ക്ക് തോന്നേണ്ടതുണ്ട്. പക്ഷെ അദ്ദേഹത്തിന് അത്തരമൊരു തിരിച്ചറിവുണ്ടാകാനിടയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളേയും മതങ്ങളേയും സംസ്ഥാനങ്ങളേയും സമുദായങ്ങളേയും ഏകീകരിച്ച് മുന്നോട്ട് നയിക്കാൻ പ്രതിപക്ഷത്തിന് ഉത്തരവാദിത്വമുണ്ട്.ജനങ്ങളുടെ അഭിപ്രായത്തെ മുഖവിലക്കെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുകയാണ് ബിജെപി. കോൺഗ്രസും ബിജെപിയും രണ്ട് തരത്തിലാണ് രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടും വ്യത്യസ്തമാണ്. ഇന്ത്യയിലെ ജനങ്ങളുടെ മനോഭാവത്തിലും രാജ്യത്തിന്റെ അന്തഃസത്തയിലും താൻ അടിയുറച്ചു വിശ്വസിക്കുന്നു. നിലവിലെ ഇന്ത്യയേക്കാൾ മികച്ച ഒരു രാജ്യം ഇന്ത്യയിലെ ജനങ്ങൾക്ക് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിലുള്ള ബിജെപി ഭരണം രാജ്യത്തിന് വിനാശകരമാണ്. അതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് സ്വന്തം ചിന്താഗതിയും പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെടുപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യം ലോകത്തിന്റെ ഏറ്റവും പ്രധാന അടിത്തറകളിലൊന്നാണെന്നും അതിന്റെ വിഘടനം ലോകം മുഴുവൻ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.