സെഞ്ചുറി കടന്ന് തക്കാളി!

കോഴിക്കോട്: സംസ്ഥാനത്ത് തക്കാളി വിപണിയില്‍ വിലക്കയറ്റം തുടരുന്നു. ഒരു ബോക്‌സ് തക്കാളിക്ക് 2000 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. എന്നാല്‍, ഇപ്പോള്‍ 2500 രൂപയായി.

ശനിയാഴ്ച ചെറിയ തക്കാളിക്ക് പാളയം മാര്‍ക്കറ്റില്‍ 90 രൂപയായിരുന്നു വില. വലുതിന് നൂറുരൂപയും വെള്ളിയാഴ്ചയിത് 90-100 രൂപയായിരുന്നു. 2000-2200 രൂപയായിരുന്നു ബോക്‌സിന് വിലയെന്നും മൊത്തക്കച്ചവടക്കാര്‍ പറയുന്നു. പയര്‍, ബീന്‍സ് പോലുള്ളവയ്ക്കും വില കൂടുന്നുണ്ട്. പയറിന് പാളയത്ത് 60-ന് മുകളിലാണ് വില. ബീന്‍സിന് 75-85 രൂപയുണ്ട്. മറ്റ് പച്ചക്കറികള്‍ക്കൊന്നും വിലയില്‍ വലിയ മാറ്റമില്ല. സൂപ്പര്‍മാര്‍ക്കറ്റുകളിലും പല രീതിയിലാണ് വില. പച്ചക്കറി വാങ്ങുന്നത് കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് തക്കാളി എത്തുന്നത്. ഏതാനും ദിവസം മുമ്പ് മഴപെയ്ത് തക്കാളി നശിച്ചതാണ് വില കൂടാന്‍ കാരണമെന്ന് മൊത്തക്കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ മഴക്കാലത്ത് ചെറിയ വില വ്യത്യാസം ഉണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിലുള്ള വിലക്കയറ്റം പതിവില്ല.