ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ മദ്രാസ്‌ ഐഐടിയുമായി സഹകരിക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യയ്ക്കായി ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിക്കാന്‍ റെയില്‍വേ മന്ത്രാലയം മദ്രാസ് ഐഐടിയുമായി സഹകരിക്കും. നിര്‍മ്മാണ സഹായം, സുരക്ഷാ ചട്ടങ്ങള്‍ രൂപീകരിക്കല്‍, ഇലക്ട്രിക്കല്‍ ടെസ്റ്റിംഗ് സൗകര്യങ്ങളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് റെയില്‍വേയുടെ പിന്തുണ തേടി. ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് റെയില്‍വേ മന്ത്രാലയത്തിന്റെ ധനസഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പദ്ധതിയുടെ മതിപ്പ് ചെലവ് 8.34 കോടി രൂപയാണെന്ന് ഐഐടി മദ്രാസ് അറിയിച്ചിട്ടുണ്ട്.

ഐഐടി മദ്രാസിലെ നിലവിലുള്ള സിആര്‍ആര്‍ (സെന്റര്‍ ഓഫ് റെയില്‍വേ റിസര്‍ച്ച്) വഴി ‘സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഹൈപ്പര്‍ലൂപ്പ് ടെക്നോളജീസ്’ സ്ഥാപിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എലോണ്‍ മസ്‌കും സ്‌പേസ് എക്‌സും ചേര്‍ന്നാണ് ഹൈപ്പര്‍ലൂപ്പ് ആശയം പ്രമോട്ട് ചെയ്തത്. 2017 ല്‍ ഐഐടി മദ്രാസ് രൂപീകരിച്ച ‘ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ്’ എന്ന പേരില്‍ 70 വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം ഹൈപ്പര്‍ലൂപ്പ് അധിഷ്ഠിത ഗതാഗത സംവിധാനത്തിന്റെ വികസനത്തിനായി എഞ്ചിനീയറിംഗ് ആശയങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചു. ‘ഒരു തദ്ദേശീയ ഹൈപ്പര്‍ലൂപ്പ് സംവിധാനം വികസിപ്പിക്കുന്നതിനും ഐഐടി മദ്രാസില്‍ ‘ഹൈപ്പര്‍ലൂപ്പ് ടെക്നോളജീസിനായുള്ള സെന്റര്‍ ഓഫ് എക്സലന്‍സ്’ സ്ഥാപിക്കുന്നതിനും ഇരു കക്ഷികളും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

താഴ്ന്ന മര്‍ദ്ദമുള്ള ട്യൂബുകളില്‍ മാഗ്നെറ്റിക് ലെവിറ്റേഷന്‍ ഉപയോഗിച്ച് വിമാനം പോലെയുള്ള വേഗതയില്‍ ആളുകളെയും ചരക്കുകളും കൊണ്ടുപോകുന്ന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഹൈപ്പര്‍ലൂപ്പ്. ഇന്ത്യയെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതില്‍ ഈ സാങ്കേതികവിദ്യയ്ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഊര്‍ജ്ജം ആവശ്യമായ ഹൈപ്പര്‍ലൂപ്പ് ആകര്‍ഷകമായ നിര്‍ദ്ദേശമാക്കി മാറ്റുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.