ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തോറ്റ തൃണമൂല്‍ സ്ഥാനാര്‍ഥി ബംഗ്ലാദേശ് പൗരയെന്ന് കണ്ടെത്തി

കൊല്‍ക്കത്ത: 2021ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരാതിയുമായി കോടതിയെ സമീപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അലോ റാണി സര്‍ക്കാര്‍ ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തി. ബംഗാവോണ്‍ ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട ഇവര്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍ വാദംകേട്ട ശേഷം അലോറാണി സര്‍ക്കാര്‍ ബംഗ്ലാദേശ് പൗരയാണെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തുകയും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജസ്റ്റിസ് ബിബേക് ചൗധരി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്ത്യന്‍ നിയമങ്ങള്‍ ഇരട്ട പൗരത്വം അനുവദിക്കാത്ത കാലത്തോളം അലോറാണി സര്‍ക്കാരിന് ഇന്ത്യന്‍ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ അലോറാണി സര്‍ക്കാര്‍ ബി.ജെ.പി സ്ഥാനാര്‍ഥി സ്വപന്‍ മഞ്ജുംദാറിനോട് 2000 വോട്ടിനായിരുന്നു പരാജയപ്പെട്ടത്.